സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അമിതവേഗത്തില്‍ ഓടിയ നാലര ലക്ഷം വാഹനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ ലഭിച്ചത് ആറു കോടി രൂപ

വേഗപരിധി കവിഞ്ഞു ചീറിപ്പാഞ്ഞ വാഹനങ്ങളില്‍നിന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയത് ആറു കോടി രൂപ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളാണ് അതിവേഗക്കാരെ കുടുക്കിയത്. ഒരുവര്‍ഷത്തിനിടെ കാമറയില്‍ കുടുങ്ങിയത് 4,54,567 വാഹനങ്ങള്‍. ഇതില്‍ 1,56,975 പേരില്‍നിന്നായി പിഴയിനത്തില്‍ ഈടാക്കിയത് 6,39,51,600 രൂപ.
ഇവരില്‍ ഒരുമാസത്തിനിടെ പലതവണ പിടിക്കപ്പെട്ടവരും ഒരുദിവസത്തില്‍തന്നെ ഒന്നിലധികംതവണ വേഗപരിധി ലംഘിച്ചു പാഞ്ഞവരുമൊക്കെയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഗതാഗതനിയമം ലഘിച്ചതിന്റെ പേരില്‍ 47,367 പേര്‍ക്കു ലൈസന്‍സ് നഷ്ടമായി. ഗതാഗത നിയമം ലംഘിക്കപ്പെട്ടതിന്റെ പേരില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും പിഴ അടയ്ക്കാത്ത വിരുതന്മാരുമുണ്ട്. ഇവര്‍ക്കെതിരേ നടപടിയെടുത്തു വരുന്നു.
കഴിഞ്ഞവര്‍ഷം മാത്രം 40,181 അപകടങ്ങളിലായി 4,303 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 45,458 പേര്‍ക്കു പരിക്കേറ്റു. അമിതവേഗമായിരുന്നു ഇതില്‍ ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ സാങ്കേതിക വിദ്യകളടങ്ങിയ കാമറകളും മോട്ടോര്‍ വാഹനവകുപ്പ് നിരത്തുകളില്‍ സ്ഥാപിക്കും.
വാഹനം സഞ്ചരിച്ച ദൂരവും വേഗവും അടുത്ത കാമറയ്ക്കു സമീപമെത്തുന്നതിനെടുത്ത സമയവും ഇത്തരം കാമറകള്‍ അളന്നെടുക്കും. നിലവില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ നിയന്ത്രിത വേഗതയില്‍ ഓടിക്കുന്ന സ്ഥിതിയുണ്ട്. കാമറ പരിധിക്കുശേഷം അമിതവേഗത്തില്‍ പായുന്ന ഇത്തരം വാഹനങ്ങള്‍ അടുത്ത കാമറ പരിധിയിലെത്തുമ്പോള്‍ വീണ്ടും വേഗം കുറയ്ക്കും.
ഇത്തരക്കാരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പാലക്കാട്-തൃശൂര്‍ റൂട്ടില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി പിന്നീടു സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























