ഇന്ദിരാഗാന്ധി സ്‌കൂളിലെ വിദ്യാര്‍ഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മൊഴിനല്‍കാന്‍ ആരും എത്തിയില്ല

നിലമ്പൂരിലെ ഐജിഎംഎംആര്‍- സ്‌കൂളിലെ (ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍) സതീഷ് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കളക്ടര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ മൊഴി നല്‍കാന്‍ ആരും എത്തിയില്ല. 21, 27 തീയതികളില്‍ നിലമ്പൂര്‍ ഐടിഡിപി.ഓഫീസില്‍വച്ചാണ് പരാതിക്കാര്‍ക്ക് മൊഴി നല്‍കാനും തെളിവുകള്‍ നല്‍കാനും അന്വേഷണത്തിന്റെ ഭാഗമായി അവസരം നല്‍കിയിരിക്കുന്നത്.
ഇതിനായി സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് രാവിലെ നിലമ്പൂര്‍ ഐടിഡിപി ഓഫീസില്‍ എത്തുകയും ചെയ്തു. എന്നാല്‍ പരാതിക്കാരാരും എത്തിയില്ല. അടുത്ത ഒരു സിറ്റിംഗ് കൂടി നടത്തും. 27-ന് സ്‌കൂളില്‍ വച്ചായിരിക്കും മൊഴിയെടുക്കല്‍.
കഴിഞ്ഞ മാസം 17-നാണ് അപ്പന്‍കാപ്പ് കോളനിയിലെ സതീഷ് എന്ന വിദ്യാര്‍ഥി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്ര കഴിഞ്ഞ് അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. വിനോദ യാത്രപോയ സമയത്തും കുട്ടിക്ക് പനി വന്നിരുന്നു. കൂടെയുണ്ടായിരുന്ന അധ്യാപകര്‍ ഇതിനെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ കാണിച്ച് മരുന്നും നല്‍കിയിരുന്നു.
സ്‌കൂളിലെത്തി അടുത്ത ദിവസം പനി കൂടിയതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കാണിച്ചെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധപ്പെട്ട അധ്യാപകരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളടക്കമുള്ളവര്‍ കോളനിയില്‍ നിന്നെത്തി സ്‌കൂളിലും ഐടിഡിപിയിലും സമരങ്ങള്‍ നടത്തിയിരുന്നു. രോഗവിവരം രക്ഷിതാക്കളെ സമയത്ത് അറിയിച്ചില്ലെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു സമരങ്ങള്‍.
https://www.facebook.com/Malayalivartha
























