കുട്ടിയുടെ പേരെന്താണ്? യഥാർത്ഥ പേര് ഓർമ്മയില്ല, അപ്പുവെന്നാണ് വീട്ടിൽ വിളിക്കുന്നത്! തൊടുപുഴയിൽ ഏഴുവയസുകാരനെ രക്ഷിതാവാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച അരുണിന്റെ പൊയ്മുഖം വെളിച്ചത്തായത് ഇങ്ങനെ...

രക്ഷിതാക്കളാണെന്ന് പറഞ്ഞ് ഏഴുവയസുകാരനുമായി ആശുപത്രിയിലെത്തിയ അരുണിന്റെ പൊയ്മുഖം വെളിച്ചത്തായത് ആശുപത്രി അധികൃതരുടെ ഒരു ചോദ്യത്തിന് പിന്നാലെ. കുട്ടിക്ക് എന്ത് സംഭവിച്ചതാണെന്ന ചോദ്യത്തിന് ഇരുവരുടെയും മറുപടികള്‍ വ്യത്യസ്ഥമായതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
'തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ പേരെന്താണ്' എന്ന ഒറ്റ ചോദ്യത്തിലായിരുന്നു അരുണിന്റെ കള്ളത്തരം പൊളിഞ്ഞത്. അപ്പു എന്നാണു വീട്ടില്‍ വിളിക്കുന്നതെന്നും യഥാര്‍ഥ പേര് ഓര്‍മയില്ലെന്നും ചോദിച്ചിട്ട് പറയാമെന്നുമായിരുന്നു ഇയാളുടെ മറുപടി. യുവതിയുടെ ചുണ്ടിലെ മുറിവുകളും മുഖത്തടിയേറ്റ പാടുകളും കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണവും കൂടിയായപ്പോള്‍ പൊലീസിന്റെ സംശയം ഉയരുകയും ചെയ്തു.
ആശുപത്രിക്ക് ഉള്ളിലേക്ക് കയറാതെ അരുണ്‍ കാറിനുള്ളിലിരുന്ന് സിഗററ്റ് വലിച്ച് കൊണ്ടിരുന്ന കാര്യം സുരക്ഷാ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ യുവതി കയര്‍ത്ത് സംസാരിച്ചതും പൊലീസിന് അസ്വാഭാവികമായി തോന്നുകയും ചെയ്തു.
ഏഴുവയസ്സുകാരനോട് കൊടും ക്രൂരത കാണിച്ച സംഭവത്തിലെ യഥാര്‍ത്ഥ ഭീകരത പുറത്തുവന്നത് ആശുപത്രിയില്‍ കുട്ടിക്കുണ്ടായ പരിക്കിനെ കുറിച്ച് അമ്മയും കാമുകനും പറഞ്ഞതിലെ വൈരുദ്ധ്യമാണ് കാരണമായത്. അരുണിന്റെ പെരുമാറ്രത്തില്‍ സംശയം തോന്നിയ പൊലീസ് എടുത്ത മുന്‍കരുതലുകളും പ്രതിക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള അവസരങ്ങള്‍ ഇല്ലാതാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെ യുവതിയും അരുണ്‍ ആനന്ദും ചേര്‍ന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീട്ടിനുള്ളില്‍ വീണതാണെന്നാണു അമ്മ ഡോക്ടറോടു പറഞ്ഞത്. അതേസമയം, കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്ബോള്‍ ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ ആദ്യം മടിച്ചിരുന്നു. അരുണിന്റെ കാര്‍ കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുന്നതിനെ കുറിച്ച് ഇയാള്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ഇതോടെ അരുണിനെ നിരീക്ഷിക്കാന്‍ പുത്തന്‍ കുരിശ് പോലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസുകാരെ മഫ്തിയില്‍ ഏര്‍പ്പെടുത്തി. അരുണിന്റെ എ.ടി.എം. കാര്‍ഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നു. കാര്‍ പൊലീസ് വിട്ടുകൊടുക്കാത്തിനാല്‍ രക്ഷപ്പെടാനുളള അരുണിന്റെ മാര്‍ഗങ്ങള്‍ അടയുകയായിരുന്നു. കാര്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ വീട്ടിലെത്തി ഇയാള്‍ തെളിവ് നശിപ്പിച്ച് കടന്നുകളയാനും വഴിവയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















