ബസില്‍ വച്ച് പോക്കറ്റടിച്ചയാളെ കണ്ടക്ടര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഓടിച്ചിട്ട്പിടിച്ചു!

ആലപ്പുഴ ഡിപ്പോയില്‍ നിന്ന് ഞായര്‍ വൈകിട്ട് അഞ്ചിന് പുറപ്പെട്ട വൈക്കം ബസില്‍ പോക്കറ്റടിച്ചയാളെ കണ്ടക്ടര്‍ ബൈക്കില്‍ പിന്തുടര്‍ന്ന ശേഷം ഓടിച്ചിട്ടു പിടിച്ചു.
ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തനങ്ങാടി വാരണം മാടപ്പുരയ്ക്കല്‍ ജി.സജി(43) ആണു കള്ളനെ ഓടിച്ചിട്ടു പിടിച്ചത്. സംഭവം ഇങ്ങനെ ആയിരുന്നു: 'ബസില്‍ നല്ല തിരക്കായിരുന്നു. മണ്ണഞ്ചേരിയില്‍ നിന്നു കുടുംബസമേതം കയറിയ യാത്രക്കാരന്‍, മുഹമ്മ സിഎംഎസ് സ്‌കൂളിനു സമീപം എത്തിയപ്പോഴാണ് പഴ്‌സ് നഷ്ടമായ വിവരം പറഞ്ഞത്.
തൊട്ടുമുന്‍പു കെപി മെമ്മോറിയല്‍ സ്‌കൂളിനു സമീപം അസ്വാഭാവികമായി ബസ് നിര്‍ത്തി ഇറങ്ങിയ യാത്രക്കാരനെയായിരുന്നു സംശയം. ആലപ്പുഴയില്‍നിന്നു കയറിയ അയാള്‍ 8 രൂപ ടിക്കറ്റ് എടുത്തെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങിയില്ല. മുഹമ്മയിലാണ് ഇറങ്ങുന്നതെന്നു പറഞ്ഞപ്പോള്‍ മുഹമ്മ വരെയുള്ള ടിക്കറ്റ് കൂടി എടുപ്പിച്ചു'.
ബസ് ഒതുക്കി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയശേഷം സജി മണ്ണഞ്ചേരി ഭാഗത്തേക്കു പോയ ഒരു ബൈക്കില്‍ കയറി കള്ളനെത്തേടി പോയി. ബസിലെ യാത്രക്കാരനും പിന്നാലെ പുറപ്പെട്ടു. കെപി മെമ്മോറിയല്‍ സ്‌കൂളിനു സമീപം ചായക്കടയില്‍ നിന്ന കള്ളന്‍, സജിയെയും ഒപ്പമുള്ളയാളെയും കണ്ടതോടെ ഓടി. സജി പിന്നാലെ ഓടി കീഴ്‌പ്പെടുത്തി. പഴ്‌സ് ഉടമയ്ക്കു കൈമാറി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പഴ്‌സ് നഷ്ടപ്പെട്ടയാള്‍ക്കു പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല.
https://www.facebook.com/Malayalivartha




















