മുപ്ലി വണ്ടുകള്‍ നെടുങ്ങോട്ടുമലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു

ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ മുപ്ലി വണ്ടിന്റെ ഭീഷണിയില്‍. സൗത്ത് പാമ്പാടി കുറ്റിക്കലിന് സമീപം നെടുങ്ങോട്ടുമലയിലും പരിസരത്തുമാണ് മുപ്ലിവണ്ടിന്റെ ശല്യം രൂക്ഷമായത്. സന്ധ്യയായാല്‍ വീട് മുഴുവന്‍ മുപ്ലി വണ്ട് നിറയും. ലൈറ്റിട്ടാല്‍ ഭിത്തിയിലും തറയിലുമെല്ലാം കൂട്ടത്തോടെയാണ് വണ്ട് വന്നിരിക്കുന്നത്.
രാത്രിയില്‍ വീട്ടുകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. ഭക്ഷണം കഴിക്കാനിരുന്നാല്‍ പാത്രത്തില്‍ വണ്ടു വീഴും. അതിനാല്‍ ലൈറ്റ് അണച്ച് ഇരുട്ടിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. കൊച്ചുകുട്ടികളുടെ ചെവിയില്‍ വണ്ട് കയറി ബുദ്ധിമുട്ടുണ്ടാക്കുന്നു. വണ്ട് ശരീരത്തില്‍ വന്നിരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ആസിഡ് പൊള്ളലേല്‍ക്കാനിടയാക്കുന്നു. ഇതിന്റെ ശല്യം മൂലം നെടുങ്ങോട്ടുമല നിവാസികള്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി.
നേരം വെളുക്കുമ്പോള്‍ മുറ്റത്തും പരിസരങ്ങളിലും ചത്ത വണ്ടുകള്‍ കുന്നുകൂടി കിടക്കുകയാണ്. വേനല്‍ക്കാലത്തുണ്ടാകുന്ന മഴയെ തുടര്‍ന്ന് റബര്‍ തോട്ടത്തില്‍ നിന്നാണ് വണ്ട് എത്തുന്നത്. മിക്ക വേനല്‍ക്കാലത്തും വണ്ട് ശല്യമുണ്ടാകാറുണ്ടെങ്കിലും ഇക്കുറി രൂക്ഷമാണ്.
വണ്ടിനെ നശിപ്പിക്കാനുള്ള കീടനാശിനിയോ ചെറുക്കാനുള്ള മറ്റ് വരുന്നുകളോ വാങ്ങാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട ജനങ്ങളാണ് നെടുങ്ങോട്ടുമലയില്‍ താമസിക്കുന്നത്. അതിനാല്‍ അവര്‍ക്ക് വണ്ടിനെ പ്രതിരോധിക്കാനുള്ള മരുന്ന് വിതരണം ചെയ്യണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























