കെ.എം. മാണിക്ക് പിന്നാലെ പോയത് പ്രിയപ്പെട്ട സുഹ്യത്ത് ; കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കെ.എം.മാണിക്കൊപ്പം ഏറ്റവുമധികകാലം ധന സെക്രട്ടറിയായി പ്രവർത്തിച്ചത് ഡോ ഡി. ബാബുപോൾ

കെ എം.മാണി അന്തരിച്ച് ദിവസങ്ങൾക്കുള്ളിൽ വിടവാങ്ങിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സെക്രട്ടറി. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കെ.എം.മാണിക്കൊപ്പം ഏറ്റവുമധികകാലം ധന സെക്രട്ടറിയായി പ്രവർത്തിച്ചത് ഡോ ഡി. ബാബുപോൾ.
ബാബു പോളും കെ.എം. മാണിയും തമ്മിലുണ്ടായിരുന്നത് മന്ത്രി - സെക്രട്ടറി തല ബന്ധമായിരുന്നില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥനും മുതിർന്ന മന്ത്രിയും എന്ന നിലയിലല്ല ഇവർ തമ്മിലുള്ള ഊഷ്മള ബന്ധം വികസിച്ചത്. 1975 ൽ കെ.എം. മാണി ധനമന്ത്രിയായപ്പോൾ ബാബു പോൾ സിവിൽ സർവീസിലെ ചെറുപ്പക്കാരനായിരുന്നു. ഉദ്യോഗസ്ഥരുമായി സവിശേഷ ബന്ധം സ്ഥാപിക്കാൻ പ്രത്യേക കരവിരുതുള്ള കെ.എം.മാണി പെട്ടെന്ന് ബാബു പോളുമായി സദ്യഢബന്ധം സ്ഥാപിച്ചു.അതിന് ഒരു ക്രൈസ്തവ ബന്ധം കൂടിയുണ്ടായിരുന്നു. ക്രിസ്തീയ വിഷയങ്ങളിൽ മാണിക്കെന്ന പോലെ ബാബുപോളിനും മികച്ച ധാരണയുണ്ടായിരുന്നു. ബജറ്റിന്റെ ഇടവേളകളിൽ തങ്ങൾ തമ്മിൽ ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നുവെന്ന് കെ.എം. മാണിയും ബാബു പോളും പിൽക്കാലത്ത് ഓർത്തിട്ടുണ്ട്.
ആശയങ്ങളുടെ തമ്പുരാക്കൻമാരാണ് ഇരുവരും. ഒരു കാലത്ത് കെ.എം. മാണിയുടേതായി പ്രഖ്യാപിക്കപ്പെട്ട പല ബജറ്റ് പദ്ധതികളുടെ നടത്തിപ്പിലും ബാബു പോളിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കെ.എം. മാണി ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് പദ്ധതികളെ കുറിച്ച് ബാബു പോളുമായി ചർച്ച നടത്തുമായിരുന്നു. ചർച്ചകൾ എപ്പോഴും ക്രിയാത്മകമായിരുന്നു. താൻ പ്രഖ്യാപിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് കൃത്യമായ ധാരണ കെ.എം. മാണിക്കുണ്ടായിരുന്നു. സെക്രട്ടറി തലത്തിൽ നിന്നുള്ള സഹകരണമില്ലാതെ അത് സാധിക്കുമായിരുന്നില്ല. അതു കൊണ്ട് തന്നെ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം എക്കാലവും വിശ്വാസത്തിലെടുത്തിരുന്നു. കൈയിലെടുത്തിരുന്നു.
ധന സെക്രട്ടറി എന്ന നിലയിൽ വല്ലാത്തൊരു നേതൃ പാടവം ബാബു പോൾ സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് ദൈവത്തെ പോലെയായിരുന്നു അദ്ദേഹം.അനൗപചാരികമായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥർ ബാബുപോളിനെ തീർത്തും അനുസരിച്ചിരുന്നു. ബാബുപോൾ ഫയലിൽ എഴുതിയിരുന്ന തമാശകൾ ഏറെക്കാലം കേരളം ചർച്ച ചെയ്തിരുന്നു.
കെ എം മാണിയുടെ പേരിൽ കൊച്ചി സർവകലാശാല ബജറ്റ് പഠന കേന്ദ്രം ആരംഭിച്ചപ്പോൾ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തനിക്കൊപ്പം പ്രവർത്തിച്ച ധന സെക്രട്ടറിമാർക്കൊപ്പം ബാബു പോളിനെയും കെ.എം മാണി വിളിച്ച് ആദരിച്ചിരുന്നു.
ബാബുപോളിന്റെ വീട്ടിലെ വിശേഷങ്ങൾക്കെല്ലാം കെ.എം മാണി എത്തുന്നത് പതിവായിരുന്നു. മന്ത്രിയെന്ന നിലയിൽ തനിക്ക് എല്ലാ സ്വാതന്ത്ര്യവും കെ.എം മാണി നൽകിയിരുന്നതായി ബാബുപോൾ പലവട്ടം സ്മരിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിന് സംഭവിച്ചത് ഇരട്ടി നഷ്ടം. അതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ.
ഇടുക്കി പദ്ധതി ഉൾപ്പെടെ ബാബു പോൾ നടപ്പിലാക്കുമ്പോൾ അതിന് കെ.എം മാണിയുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു. മന്ത്രി എന്ന നിലയിൽ മാത്രമല്ല മലയോര മേഖലയിലെ കർഷക നേതാവെന്ന നിലയിലും കെ.എം മാണി ബാബുപോളിന് എല്ലാ പിന്തുണയും നൽകിയിരുന്നു. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
https://www.facebook.com/Malayalivartha























