11 വർഷങ്ങൾക്ക് മുമ്പ് ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവർത്തകൻ സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണ്ണാടകയിലെ കുടജാദ്രിയിൽ

2008 ല്‍ ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യാവിഷന്‍ ഡെപ്യുട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണ്ണാടകയിലെ കുടജാദ്രിയിലെത്തി. ഘോരവനവും അഗാധഗര്‍ത്തങ്ങളും നിറഞ്ഞ കുടജാദ്രിയിലാണ് സോണിയുടെ സാന്നിദ്ധ്യം ഒടുവില്‍ കണ്ടെത്തിയിട്ടുള്ളതെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ സാഹചര്യത്തിലാണു കര്‍ണ്ണാടക സര്‍ക്കാരിന്റെ സഹായത്തോടെ കുടജാദ്രിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
2008 ഡിസംബര്‍ 18ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളത്തെ വീട്ടില്‍നിന്നു സോണി ഗോവയിലേക്കു പോയത്.ഗോവയിലെത്തി ആദ്യ രണ്ടു ദിവസം ചലച്ചിത്രമേളയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യ ഡോ.സീമയെയും ഇടയ്ക്കു വിളിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഒരു ദിവസം ഫോണ്‍വിളിയും വാര്‍ത്തകള്‍ അയയ്ക്കുന്നതും നിലച്ചു.
ടിവിയില്‍ വാര്‍ത്തയും വീട്ടിലേക്കു ഫോണും വരാതായതോടെ ഭാര്യ സീമ സോണിയുടെ ഫോണിലേക്കു വിളിച്ചെങ്കിലും ഫോണ്‍ നിശ്ചലമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സോണി മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണെന്നു വിവരം ലഭിച്ചു. അടുത്ത ദിവസം തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നുള്ള സൂചനയും ലഭിച്ചു. പിന്നീട് സോണിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല .
പൊലീസ് അന്വേഷണത്തില്‍ മംഗളൂരുവില്‍ നിന്നു സോണി ട്രെയിന്‍ മാര്‍ഗ്ഗം കാഞ്ഞങ്ങാട് എത്തിയതായി വിവരം ലഭിച്ചിരുന്നു. കേരള- കര്‍ണ്ണാടക പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച്. ഇടയ്ക്കു വീട്ടില്‍ പറയാതെ ആഴ്ചകളോളം മാറി നില്‍ക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതു കൊണ്ട് കൂടുതല്‍ അന്വേഷണമൊന്നും നടന്നിരുന്നില്ല. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭാര്യ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനും ഗോവ പൊലീസിലും പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പൊലീസ് പറയുന്നു. പക്ഷേ, അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല .
https://www.facebook.com/Malayalivartha























