ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വൻ സുരക്ഷാ കേന്ദ്രത്തിൽ; തെളിവുകൾ നശിപ്പിച്ചത് ഇവിടം വെച്ചെന്ന് കണ്ടെത്തൽ

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വൻ സുരക്ഷാ കേന്ദ്രത്തിൽ. ദേശീയ ആയുധ സംഭരണശാലയുടെ അടുത്തായിരുന്നു പ്രതികളുടെ ഒളിസങ്കേതം . കൃത്യം നടത്തിയ ശേഷം ഇവർ ഒരാഴ്ച ഇവിടെ താമസിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രതികൾ നിർണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും ഇവിടെ വച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വെടിയൂതീർത്ത ശേഷമുള്ള ബുള്ളറ്റിന്റെ കാലി കെയ്സും ഹെൽമറ്റും കയ്യുറകളും ഇവിടെ ഉപേക്ഷിച്ച ശേഷമാണ് ഇവര്‍ സ്ഥലം വിട്ടത്. അറസ്റ്റിലായ വിപിനെയും ബിലാലിനെയും പൊലീസ് ഒളിസങ്കേതത്തിലെത്തിച്ച് തെളിവെടുത്തു. എന്നാല്‍ തിരച്ചിലിൽ ബുള്ളറ്റിന്റെ കെയ്സ് കണ്ടെത്താനായില്ല. മെറ്റൽ ഡിറ്റക്ടറുമായി വീണ്ടും തിരച്ചിൽ നടത്തുമെന്നാണ് സൂചന.
ഡിസംബർ 15-ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ബൈക്കിൽ പുറപ്പെട്ട് സീപോർട്ട് - റോഡ് കടന്ന് ചിലവന്നൂർ ബണ്ട് റോഡ് വഴി വന്ന് ബ്യൂട്ടിപാർലറിലെത്തി വെടിവയ്പ് നടത്തിയ ശേഷം ഇരുവരും അത് വഴി തന്നെ തിരിച്ചു പോയി. തൃക്കാക്കര എന്‍എഡി ഭാഗത്ത് കാടിനകത്താണ് കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങൾക്കിടയിൽ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളിസങ്കേതമുള്ളത്. തൽക്കാലം സുരക്ഷിതമായ ഇടമാണിതെന്ന് കണ്ടെത്തിയ ഇരുവരും 'അമേരിക്ക'യിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha






















