കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ബഹ്‌റൈനിലേയ്ക്ക് കഞ്ചാവ് കടത്താൻ ശ്രമം; ഗന്ധം പുറത്തുവരാതിരിക്കാൻ രാമച്ചത്തിൽ പൊതിഞ്ഞു സൂക്ഷിച്ചെങ്കിലും കള്ളി വെളിച്ചത്താക്കി നർക്കോട്ടിക്ക് ഉദ്യോഗസ്ഥർ; സംഭവത്തിൽ കോട്ടയം സ്വദേശിനിക്കായി തിരച്ചിൽ ഊർജ്ജിതമാക്കുന്നു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശിനിക്കായി പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായ കൊല്ലം ചിറ്റയം ഇഞ്ചവിള കൊടിയിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ക്‌ളെമന്റിൽ (30) നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കൊച്ചി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ യുവതിയെ തേടി കോട്ടയത്തേക്ക് പോയത്.
ജസ്റ്റിൻ കഞ്ചാവ് കടത്തുകാരുടെ ഇടനിലക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. വിസിറ്റിംഗ് വിസയിൽ ബഹറിനിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിന് മുമ്പും പ്രതി വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയിട്ടുണ്ട്.
കോട്ടയം സ്വദേശിനിയാണ് തനിക്ക് കഞ്ചാവ് കൈമാറിയതെന്നും ബഹ്റിൻ വിമാനത്താവളത്തിലെത്തുമ്പോൾ ഫോൺ വിളിച്ച ശേഷം എത്തുന്നയാൾക്ക് പൊതി കൈമാറാനുമാണ് നിർദ്ദേശം നൽകിയിരുന്നതെന്നുമാണ് പ്രതി പറയുന്നത്. കോട്ടയം സ്വദേശിനിയെ തേടി പൊലീസ് എത്തുമ്പോഴേക്കും അവർ മുങ്ങിയിരുന്നു. നെടുമ്പാശേരിയിൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായ വാർത്ത വന്നതോടെ യുവതി മുങ്ങുകയായിരുന്നുവെന്നാണ് സൂചന. കഞ്ചാവിന്റെ ഗന്ധം പുറത്തുവരാതിരിക്കാൻ രാമച്ചത്തിൽ പൊതിഞ്ഞാണ് ലേഗജിൽ സൂക്ഷിച്ചിരുന്നത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴിയാണ് ബഹ്റിനിലേക്ക് പോകാനെത്തിയത്.
https://www.facebook.com/Malayalivartha






















