ആവേശം വാനോളം... പ്രായം തളര്‍ത്തുമ്പോഴും വി.എസ്. തെരഞ്ഞെടുപ്പ് വേദികളില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് വേദികളില്‍ വി.എസിനെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ മത്സരം

കേരളത്തില്‍ ഒരിക്കല്‍ കൂടി വി.എസ്. താരമാകുകയാണ്. തിരുവനന്തപുരമോ കാസര്‍ഗോഡാ എന്ന വ്യത്യാസമില്ല, വി.എസ്. എത്തിയാല്‍ അവിടെ തിരക്കോട് തിരക്കാണ്. വി.എസ്. എത്തിയാല്‍ അണികള്‍ക്കിടയില്‍ ആവേശം വാനോളമുയരും. അതുകൊണ്ടു തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പ് വേദികളില്‍ വി.എസിനെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ തിരക്കാണ്. എല്ലായിടത്തും ഓടിയെത്താനുള്ള ആവേശത്തില്‍ വി.എസും.
ബേപ്പൂരിനും കല്ലായിക്കുമിടയിലുള്ള മാത്തോട്ടം എന്ന കൊച്ചു ഗ്രാമത്തില്‍ വി.എസ് എത്തുമെന്ന് അറിയിച്ചത് വൈകിട്ട് അഞ്ചുമണിക്ക്. മൂന്നുമണിമുതലേ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം കാത്തുനില്‍പ്പു തുടങ്ങി. 65 വയസുകാരി അമ്മിണി ചേച്ചി കാത്തു നില്‍ക്കുന്നത് ഇഷ്ട നേതാവിനെ ഒന്നു അടുത്തു കാണാന്‍. ആറു വയസുകാരി മീനാക്ഷിയ്ക്കു വേണ്ടത് ഒരു ഷേക്ക് ഹാന്‍ഡ്.
അഞ്ചുമണിക്ക് തന്നെ യോഗം തുടങ്ങി. തൂവെള്ള കാറില്‍ ചിരിയോടെ എന്നാല്‍ സ്വഭാവിക ഗൗരവത്തില്‍ വി.എസ്.എത്തി. കണ്ണേ , കരളേ വി.എസെ ധീരതയോടെ നയിച്ചോളു , അന്തരീക്ഷത്തില്‍ അലയടിക്കുന്ന മുദ്രാവാക്യത്തിനിടയിലേക്ക് ഗണ്‍മാന്റെ കരം ഗ്രഹിച്ച് വേദിയിലേക്ക്. സദസില്‍ കയറി ഉടന്‍ പതിവു ശൈലിയില്‍ കൈകള്‍ വീശി അഭിവാദ്യം. മണ്ഡലം സെക്രട്ടറി ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം. ഉടന്‍ തന്നെ മൈക്കിനരികിലേക്ക്. എല്ലാവേദികളിലും എഴുതി വായിച്ചാണ് ഇപ്പോള്‍ പ്രസംഗം. എന്നാല്‍ ശൈലിയില്‍ ഒട്ടും മാറ്റമില്ല. സ്ഫുടമായ ഭാഷയില്‍ അക്ഷരങ്ങള്‍ ഏറ്റിയും ഇറക്കിയും വി.എസ്. തുടങ്ങി.
സഹോദരി, സഹോദരന്‍മാരെ, സഖാക്കളെ... ഓരോ വാക്കിനും കൈയടി. പിന്നീട് മോദി ഭരണവും, സമകാലിക വിഷയങ്ങളും പ്രസക്തമാക്കിയുള്ള പ്രസംഗം. വര്‍ഗീയതയ്‌ക്കെതിരെയുള്ള നിലപാട് എടുക്കണമെന്ന ഓര്‍മപ്പെടുത്തല്‍.
ഇതിനിടയില്‍ വി.എസിനെ കാണാന്‍ പറ്റുന്നില്ലെന്ന് പുറകെ നില്‍ക്കുന്നവരുടെ പരാതി. ഇതോടെ നേതാക്കള്‍ എത്തി മുന്‍പില്‍ നില്‍ക്കുന്നവരെ ഇരുത്തി. മോദിയുടെ കഴിഞ്ഞ പ്രസംഗത്തെ വരെ വിമര്‍ശിച്ച് 15 മിനിറ്റു നീണ്ട പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്‍പ് സ്ഥലത്തെ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് ചോദ്യം. ഇടതു പക്ഷത്തിനു ചെയ്യുന്ന ഒരു വോട്ടു പാഴാകില്ലെന്ന് വി.എസിന്റെ ഉറപ്പ്. അണികള്‍ക്കിടയില്‍ ആവേശപ്പെരുമഴ തീര്‍ത്ത് അടുത്ത മണ്ഡലത്തിലേക്ക് വി.എസ്. യാത്ര തുടരുന്നു...
https://www.facebook.com/Malayalivartha
























