കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു, നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. ആഘോഷ നിറവില്‍ നാടും നഗരവും. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്.
കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കള്‍. കോടി മുണ്ടും, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും പിന്നെ കണിത്താലത്തില്‍ സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.
കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ നല്‍കുന്ന കൈനീട്ടം സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികള്‍ക്ക് കോടി മുണ്ട് പോലെ പുത്തനാണ്.
കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്... വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.
വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്., പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്അത് . വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുനത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുളവ്ര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന്‍ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്.., തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യന്‍ ലബര്‍ണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്
വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിര്‍ബന്ധമില്ലെങ്കിലും കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വച്ച് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത് അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നതാണല്ലോ നമ്മുടെ വിശ്വാസം. അത്തരമൊരു നല്‍ക്കാഴ്ചയുടെ പ്രതീകമാണ് വിഷുക്കണി. മഞ്ഞപ്പട്ടുടയാട ചാര്‍ത്തി, കൈയില്‍ ഓടക്കുഴലുമേന്തി നില്‍ക്കുന്ന ശ്രീകൃഷ്ണനും കണിവെള്ളരിയും കൊന്നപ്പൂവുമെല്ലാമുള്ള കണി ഇന്ന് രാത്രിയോടെ വീടുകളില്‍ തയ്യാറാകും. ഇത്തവണ വിഷുവും ദുഃഖ വെള്ളിയും ഒരുമിച്ചാണെന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha
























