വെട്ടിക്കാട് ഗ്രാമത്തിന്റെ കൊന്നപ്പൂക്കള്‍ ആ കൂടെപ്പിറപ്പുകള്‍ക്ക്! ഇന്നവര്‍ക്ക് ആഘോഷമില്ല!

പാലക്കാട്, കൊപ്പം പഞ്ചായത്തിലെ വെട്ടിക്കാട് ഗ്രാമത്തിലെ അയല്‍വാസികളായ പ്രിയപ്പെട്ടവരുടെ അപകട മരണം പരിസര വാസികളെയും കണ്ണീരിലാഴ്ത്തി. വെട്ടിക്കാട് കരിമ്പനക്കല്‍ തറവാട്ടു വീട്ടിലെ കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു ജീവിതങ്ങളുടെ അകാല മരണമാണു നാടിനും കുടുംബങ്ങള്‍ക്കും നൊമ്പരമായി മാറിയത്.
വെട്ടിക്കാട് ഗ്രാമ വാസികള്‍ക്ക് ഇന്നു വിഷു ആഘോഷങ്ങളില്ല. വിഷുക്കണിയൊരുക്കാന്‍ വാങ്ങിവച്ച കൊന്നപ്പൂക്കള്‍ അവര്‍ കൂടെപ്പിറപ്പുകള്‍ക്കായി അര്‍പ്പിക്കും.
കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ കൊപ്പം പഞ്ചായത്തിലെ തൃത്താല-കൊപ്പം വെട്ടിക്കാട് കരിമ്പനക്കല്‍ പരേതനായ രാമകൃഷ്ണ മേനോന്റെ മകന്‍ സുരേഷ് മേനോന്‍ (42), ഇവരുടെ അയല്‍വാസി മൈലാട്ട്കുന്ന് കുഞ്ഞുകുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (സുന്ദ-36) എന്നിവരാണു മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി (28) ആണു ചികില്‍സയിലുള്ളത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
കരിമ്പനക്കല്‍ തറവാട്ടു വീട്ടിലെ കിണറ്റില്‍ ചാടിയ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയതാണു സുരേഷ് മേനോന്‍. കിണറ്റിലെ മോട്ടര്‍ തൂക്കിയിട്ട കയറില്‍ തൂങ്ങി നിന്ന് അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ശ്വാസം മുട്ടി ഇയാള്‍ കിണറ്റില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരേന്ദ്രന്‍ ഇയാളെ രക്ഷിക്കാനിറങ്ങിയെങ്കിലും സുരേന്ദ്രനും ശ്വാസം മുട്ടി കിണറ്റില്‍ വീണു. ഒന്‍പതടി താഴ്ചയുളള കിണറ്റിലകപ്പെട്ട രണ്ടു പേരേയും രക്ഷിക്കാനിറങ്ങിയ സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയും ബോധരഹിതനായി കിണറ്റിലകപ്പെട്ടു.
സുരേന്ദ്രന്റെ മറ്റൊരു സഹോദരന്‍ രാജുവും അയല്‍വാസിയായ സുഭാഷും ചേര്‍ന്നാണു മൂവരെയും കരയ്‌ക്കെത്തിച്ചത്. കൊപ്പം എസ്‌ഐ ഫഖ്‌റുദീന്റെ നേതൃത്വത്തില്‍ പൊലീസും ഷൊര്‍ണൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും എത്തി. പൊലീസ് വാഹനത്തില്‍ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മേനോനും സുരേന്ദ്രനും വഴി മധ്യ മരിച്ചു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന കൃഷ്ണന്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുരേഷ് മേനോന്റെ സംസ്‌കാരം ഇന്നു ചെറുതുരുത്തി പുണ്യതീരത്ത്. കൊച്ചിയില്‍ സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ് സുരേഷ് മേനോന്‍. ഭാര്യ: സൗമ്യ. സുരേന്ദ്രന്റെ ഭാര്യ : സംഗീത. മകള്‍: അനയ
https://www.facebook.com/Malayalivartha






















