നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയുടെ ചിത്രം മൊബൈൽ ഫോണിൽ എടുക്കാൻ ശ്രമിച്ച അറുപത്തെട്ടുകാരനെ ചോദ്യം ചെയ്തതോടെ പെൺകുട്ടിയെ കരണത്തടിച്ച് നിലത്ത് വീഴ്ത്തി...

മൊബൈൽ ഫോണിൽ ചിത്രം എടുക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത പെൺകുട്ടിക്ക് 68 കാരന്റെ മർദനം. കഴിഞ്ഞ ദിവസം വൈകീട്ട് നെടുമങ്ങാട് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ആനാട് ചന്ദ്രമംഗലം മല്ലികവിളാകത്ത് എൻ.ശ്രീധരനെ (68) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ബസ് സ്റ്റാൻഡിൽ നിന്നു പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. അവരെത്തിയ ശേഷമായിരുന്നു പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയത്.
എം.ബി.എ.ക്ക് പഠിക്കുന്ന പെൺകുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകാൻ ബസ് സ്റ്റേഷനിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു ഇയാൾ പടമെടുക്കാൻ ശ്രമിച്ചത്. ഇതുകണ്ട പെൺകുട്ടി തടഞ്ഞ് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha
























