കോട്ടയം നഗരമധ്യത്തിലെ കൊലപാതകത്തില്‍ കൊല്ലപ്പെട്ടതാര്, കൊന്നതാര് എന്നതിനെ കുറിച്ച് തുമ്പൊന്നും കിട്ടാതെ പോലീസ്

കോട്ടയം നഗരമധ്യത്തിലെ നാലുനില കെട്ടിടത്തില്‍ കൊല്ലപ്പെട്ടത് ആര് എന്നതിനെ കുറിച്ച് ഒരു എത്തുംപിടിയുംഇല്ലാതെ പോലീസ് വലയുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സംശയത്തില്‍ പോലീസ് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
കോട്ടയത്തും പുറത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചയാളുടെ ചിത്രം കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ഈ കേസില്‍ പോലീസ് ശരിക്കും ഇരുട്ടില്‍ തപ്പുകയാണ്.
കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നുവെങ്കില്‍ കൊന്നയാളെ കുറിച്ചുള്ള എന്തെങ്കിലും സൂചന ലഭിക്കുമായിരുന്നു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച ഒരു രേഖയും പോലീസിന്റെ പക്കലില്ലാത്തതിനാല്‍ ഇവിടെ വന്നു പോകുന്നവര്‍ ആരെന്ന് ഒരു നിശ്ചയവുമില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീണ്ടും മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. മൂന്നു ദിവസത്തിനകം തിരിച്ചറിഞ്ഞില്ലെങ്കില്‍ മറവു ചെയ്യാനാണ് തീരുമാനം.
എംസി റോഡില്‍ ഐഡ ഹോട്ടലിന്റെ സമീപത്ത് ലക്ഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാം നിലയില്‍ കഴിഞ്ഞ 19-ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നത്.
കെട്ടിട നിര്‍മാണത്തിനായി രാവിലെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് മണം പിടിച്ച പോലീസ് നായ ആദ്യം ഓടിക്കയറിയത് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലേക്കാണ് എന്ന ഒറ്റ സൂചന മാത്രമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha






















