ബിജെപിയുടെ ശബരിമല സമരം ജനങ്ങളെ പറ്റിക്കാൻ; ശബരിമല പ്രശ്ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ല; ശശി തരൂര്‍

ബിജെപിയുടെ ശബരിമല സമരം ജനങ്ങളെ പറ്റിക്കാനാണെന്ന് ശശി തരൂര്‍ എംപി. ശബരിമല പ്രശ്ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2018ല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ശബരിമലയിലെ പ്രശ്നത്തില്‍ ഒന്നും ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ആന്‍റോ ആന്റണിയുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്രം ഇന്ന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്.
ശബിരമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.
ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കുകയും വേണം.
ഭരണഘടന ഒരു പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരായ ആചാരമേതുമായ്‌ക്കൊള്ളട്ടെ അതിന് നിയമസാധുതയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് ശബരിമല വിഷയത്തിലൂടെ സുപ്രീം കോടതി പുറപ്പെടുവിച്ചത്. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് മാത്രമല്ല ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ വിലക്കുന്ന ആചാരത്തിന് തടയിടുന്ന ചരിത്ര വിധിക്കു കൂടിയാണ് സെപ്റ്റംബര്‍ 28ന് രാജ്യം സാക്ഷ്യം വഹിച്ചത്.
മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടികാണിച്ചാണ് ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും വിധിയിലൂടെ കോടതി റദ്ദാക്കി. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയില്‍ വ്യക്തമാക്കുകയും ചെയ്തു. ഈ വകുപ്പ് റദ്ദാക്കിയതോടെ കേരളത്തില്‍ ഒരു ക്ഷേത്രത്തിലും ആര്‍ത്തവകാലത്ത് സ്ത്രീകളെ ഇനി വിലക്കാനാവില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എം.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസ് പരിഗണിച്ചത്. .പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നുകാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.
https://www.facebook.com/Malayalivartha

























