ബിജെപിയെ കൂട്ടുപിടിച്ച പിസിക്ക് കഷ്ടകാലം; പൂഞ്ഞാര്‍ മണ്ഡലത്തിലെ അവസാന പഞ്ചായത്തും ജനപക്ഷത്തിന് നഷ്ടമായി

പൂഞ്ഞാറിന്റെ ഒറ്റയാൻ പി.സി.ജോര്‍ജ്ജിന്റെ എന്‍.ഡി.എ ബന്ധത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയായ കേരള ജനപക്ഷത്തു നിന്നും ദിനംപ്രതി കൊഴിഞ്ഞു പോകുന്നത് നിരവധി നേതാക്കള്‍. പൂഞ്ഞാര്‍ മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ട അവസ്ഥയാണ് കേരള ജനപക്ഷത്തിനു (സെക്കുലര്‍) ഇപ്പോഴുള്ളത്. പാഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കാലുമാറിയതോടെയാണ് ജനപക്ഷത്തിൽ കൊഴിഞ്ഞുപോക്ക് വർധിച്ചത്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായ പ്രസാദ് തോമസാണ് ഒടുവില്‍ പാര്‍ട്ടി വിട്ടത്. സ്വതന്ത്ര അംഗമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പ്രസാദ് തോമസ് ജനപക്ഷത്തിന് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതോടെ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ എവിടെയും ജനപക്ഷത്തിനു ഭരണമോ ഭരണ പങ്കാളിത്തമോ ഇല്ലാതായിരിക്കുകയാണ്. ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ ആദ്യം ജനപക്ഷം വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പി.സി.ജോര്‍ജ്ജ് വേദി പങ്കിട്ടിരുന്നു. ഇതു കൂടാതെ നിയമസഭയിലും ബി.ജെ.പിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാലുമായി ഐക്യപ്പെട്ടായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് പി.സി.ജോര്‍ജ്ജ് ബി.ജെ.പിയുമായി അടുക്കുന്നത്. ആചാര സംരക്ഷണത്തിനായി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുത് എന്ന നിലപാടായിരുന്നു ആദ്യം മുതല്‍ക്കേ പി.സി.ജോര്‍ജ്ജ് സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇതുവരെ എന്‍ഡിഎയില്‍ എത്തിയത് കൊണ്ട് പിസി ജോര്‍ജിനോ പാര്‍ട്ടിക്കോ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴാകട്ടെ പിസി ജോര്‍ജ് മുന്നണി വിടുമെന്ന ഭീഷണിയും മുഴക്കിയിരിക്കുകയാണ്.
ന്യൂനപക്ഷ വോട്ടുകള്‍ ഉന്നമിട്ടാണ് പിസി ജോര്‍ജിനേയും കൂട്ടരേയും ബിജെപി, എന്‍ഡിഎ പാളയത്തില്‍ എത്തിച്ചത്. എന്നാല്‍ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ അപ്പാടെ പാളി. പിസി ജോര്‍ജ് എന്‍ഡിഎയില്‍ എത്തിയത് കൊണ്ട് രണ്ട് കൂട്ടര്‍ക്കും പ്രത്യേകം നേട്ടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല പിസി ജോര്‍ജിനും പാര്‍ട്ടിക്കും നേതാക്കളുടെ രാജിയും പഞ്ചായത്ത് ഭരണ നഷ്ടവും അടക്കം വന്‍ തിരിച്ചടികളും ലഭിച്ചു. മുസ്ലീം വിരുദ്ധ പരാമര്‍ശം കൂടി ആയതോടെ പിസി ജോര്‍ജിന് ജനപിന്തുണ ഏറക്കുറെ നഷ്ടപ്പെട്ട മട്ടാണ്. അതിനിടെ പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ എന്‍ഡിഎയിലെ അതൃപ്തി പിസി ജോര്‍ജ് പരസ്യമാക്കുകയും ചെയ്തിരിക്കുകയാണ്.
റബ്ബറിന് അടിസ്ഥാന വില 200 രൂപയാക്കണം, സര്‍ഫാസി നിയമത്തില്‍ ഇളവ് വരുത്തണം, വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ പിസി ജോർജ് വെച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടാനും മടിക്കില്ല എന്നാണ് പിസിയുടെ നിലപാട്. പാവപ്പെട്ട കര്‍ഷകരേയും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കാന്‍ ബിജെപി തയ്യാറല്ലെങ്കില്‍ എന്‍ഡിഎ എന്ന് പറഞ്ഞ് മുന്നോട്ട് പോകുന്നത് എന്തിനാണ് എന്നാണ് ജനപക്ഷം ചിന്തിക്കുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























