ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട മകൾക്കു വിദ്യാഭ്യസ വായ്പ ലഭിച്ചില്ല; അച്ഛൻ ബാങ്കിൽ കുഴഞ്ഞു വീണു

മകൾക്കു വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനം നൊന്ത് പിതാവ് ബാങ്കിനുള്ളിൽ കുഴഞ്ഞു വീണു. സീതത്തോട് സീതക്കുഴി നിരപ്പുകണ്ടത്തിൽ എൻ.എം.മാത്യു (47) ആണ് കുഴഞ്ഞു വീണത്.
പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ടയിലെ റീജനൽ ഓഫിസിലാണ് സംഭവം. ബാങ്കിന്റെ സീതത്തോടു ശാഖയിലാണ് വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിച്ചത്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനത്തിനു അഫിലിയേഷൻ ഇല്ലാത്തതിനാൽ വായ്പ അനുവദിക്കപ്പെട്ടില്ല. ആവശ്യമായ രേഖകൾ എല്ലാം എത്തിച്ചു നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയച്ചുവെന്നു ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. രണ്ടര മാസമായി വായ്പയുടെ പിന്നാലെ ഇദ്ദേഹം അലയുകയായിരുന്നു.
മാനേജരുടെ കാബിനുള്ളിൽ സംസാരിച്ചു കൊണ്ടിരിക്കവെയാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മാത്യു കുഴഞ്ഞു വീണത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫീസ് അടക്കാത്തതിനാൽ ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽനിന്നു കഴിഞ്ഞദിവസം മാത്യുവിന്റെ മകളെ പുറത്താക്കിയിരുന്നു. തുടർന്നുള്ള വായ്പ നിഷേധമാണ് അദ്ദേഹത്തെ തളർത്തിയത്. എന്നാൽ വായ്പ നിഷേധിച്ചിട്ടില്ല എന്ന വാദമാണ് ബാങ്ക് ഉയർത്തുന്നത്. കോഴ്സിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് പുതിയതു സമർപ്പിച്ചില്ല. വായ്പയായി അധിക തുക ആവശ്യപ്പെടുകയും ആവശ്യമായ രേഖകൾ സമർപ്പിച്ചില്ല എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























