ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ ചോദ്യം ചെയ്തു.

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നഗരസഭ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം ചോദ്യം ചെയ്യല്‍ നാടകമാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി. ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന് പ്രദേശത്തെ ലോക്കല്‍കമ്മിറ്റി നേതാക്കള്‍ വരെ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതെ ജില്ലാ കമ്മിറ്റി അവസാന നിമിഷം മാറ്റിവയ്ക്കുകയാണ് നേതൃത്വം ചെയ്തതെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇടത്പക്ഷം മാത്രം ഭരിക്കുന്ന നഗരസഭയില്‍ അവരുടെ വീഴ്ച കൊണ്ടാണ് സി.പി.എം അനുഭാവിയായ വ്യവസായി ആത്മഹത്യ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ടൗണ്‍ പ്ലാനര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ശ്യാമളയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്നാണ് സാജന്റെ ഭാര്യയും മറ്റും ആവശ്യപ്പെട്ടത്. എന്നാല്‍ അതിനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. താമസിക്കാതെ കണ്‍വെന്‍ഷന്‍ സെന്ററിന് സര്‍ക്കാര്‍ അനുമതി നല്‍കും അതിന് മുന്നോടിയായി ശ്യാമളയെ ചോദ്യം ചെയ്‌തെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റി വൈകുന്നതും ശ്യാമളയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് നീക്കാത്തതും ദുരൂഹതയുണ്ടെന്ന് പ്രദേശത്തെ സി.പി.എം അണികള്‍ തന്നെ പറയുന്നു.
ജൂണ്‍ 18 നാണ് ആന്തൂര്‍ ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സാജന്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ സമീപിച്ചിരുന്നു. ചെറിയ ചില നിയമലംഘനങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ചാല്‍ അനുമതി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയരാജനെ കാണാന്‍ പോയതും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് പോയതും പി.കെ ശ്യാമളയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സാജന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.
സാജന്റെ കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പി. കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതിനാല്‍ ഇപ്പോഴത്തെ ചോദ്യം ചെയ്യലില്‍ വലിയ കാര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ആത്മഹത്യയ്ക്ക് ആരെങ്കിലും കാരണക്കാരാണോ എന്ന് സാജന്‍ ആത്മഹത്യാ കുറിപ്പും മറ്റും എഴുതിയിട്ടില്ല. മുന്‍പ് തളിപ്പറമ്പ് ടാഗേര്‍ വിദ്യാനികേതനിലെ പ്രിന്‍സിപ്പാള്‍ കെ.പി ശശീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി രജിസ്ട്രര്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈകോടതി റദ്ദ് ചെയ്തതും സാമാന സംഭവമായി പൊലീസിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha



























