ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 55 റണ്‍സിന് പുറത്തായപ്പോള്‍, ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. 68 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ജയം. 29 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ പതറിയെങ്കിലും ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് 18 റണ്‍സും ദീപ്തി 12 റണ്‍സുമായി പുറത്താകാതെ നിന്നു.
ഷഫാലി വര്‍മ്മ, പ്രതീക റാവല്‍, സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. പാകിസ്ഥാനായി ഫാത്തിമ സന മൂന്ന് വിക്കറ്റുകളും വീഴ്ത്തി. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല. 19ാം ഓവറില്‍ പാകിസ്ഥാന്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. വനിതാ ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.
ശ്രീ ചരാണിയും പ്രേമ റാവത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി പാകിസ്ഥാന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. ദീപ്തി ശര്‍മ രണ്ട് വിക്കറ്റും ഷഫാലി വര്‍മ്മ ഒരു വിക്കറ്റും നേടി. റണ്‍ഔട്ടിലൂടെയായിരുന്നു ഒരു വിക്കറ്റ് . പാകിസ്ഥാന്റെ ഒമ്പത് വിക്കറ്റുകളും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. 3 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരാണിയാണ് കളിയിലെ താരം.
https://www.facebook.com/Malayalivartha



























