ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്

ദുബായില്‍ താമസിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രവാസിയായ യുവതിക്ക് രക്ഷകരായി ദുബായ് പൊലീസ്. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവുമാണ് പൊലീസിന്റെ തിരച്ചില്‍ എളുപ്പമാക്കിയത്. ഫോണില്‍ യുവതിയെ ബന്ധപ്പെടാനാകാതിരിക്കുകയും കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്‌തെങ്കിലും, തുടര്‍ച്ചയായ അന്വേഷണത്തിലൂടെ അധികൃതര്‍ യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിക്കുകയായിരുന്നു.
ദുബായ് പൊലീസിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഓഫ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം രചിച്ച ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്: ദി ആര്‍ട്ട് ഓഫ് ക്രിട്ടിക്കല്‍ നോട്ടിഫിക്കേഷന്‍സ്, െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ എന്ന പുസ്തകത്തിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായില്‍ താമസിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രവാസിക്കാണ് ഓസ്‌ട്രേലിയയില്‍ നിന്ന് സഹപ്രവര്‍ത്തകന്റെ അടിയന്തര ഫോണ്‍ സന്ദേശം ലഭിച്ചത്. ദുബായിലുള്ള തന്റെ ബന്ധു അത്യാസന്ന നിലയിലാണെന്നും ജീവനൊടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇയാള്‍ അറിയിച്ചു. അവസാനമായി സംസാരിച്ചപ്പോള്‍ യുവതി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. സ്വയം ഉപദ്രവിക്കാനിടയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു.
നേരത്തെയും രണ്ടുതവണ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. ഒരിക്കല്‍ ഓസ്‌ട്രേലിയയിലും മറ്റൊരിക്കല്‍ ദുബായിലുമായിരുന്നു ശ്രമം. വിവരം ലഭിച്ച ഉടന്‍ ദുബായിലെ മറ്റൊരു പ്രവാസി ദുബായ് പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടുകയും യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് സംഘത്തെയും ആംബുലന്‍സിനെയും സ്ഥലത്തേക്ക് അയച്ചു. എന്നാല്‍ സംഘം എത്തിയപ്പോഴേക്കും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഓസ്‌ട്രേലിയയിലുള്ള യുവതിയുടെ പിതാവുമായി ബന്ധപ്പെട്ടു.
ഏകദേശം ഒരു വര്‍ഷം മുമ്പ് മകള്‍ താമസിച്ചിരുന്ന വിലാസം അദ്ദേഹം പൊലീസിന് കൈമാറി. അവിടെ യുവതി തിരിച്ചെത്തിയിട്ടുണ്ടാകാമെന്ന് പിതാവ് അറിയിച്ചു. രേഖകള്‍ പരിശോധിച്ചെങ്കിലും യുവതിയുടെ നിലവിലെ താമസസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്യൂട്ടി ഓഫീസര്‍ യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോ മെസേജിങ് ആപ്ലിക്കേഷന്‍ വഴി അയയ്ക്കാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. ഫോട്ടോ ലഭിച്ചതോടെ അത് പ്രദേശത്തെ പട്രോള്‍ സംഘങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈമാറി. ഇതോടെ യുവതിയെ നേരില്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി.
തിരച്ചിലിനിടെ ഒരു കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഫോട്ടോയിലുള്ള യുവതിയെ തിരിച്ചറിഞ്ഞു. യുവതി മറ്റൊരാള്‍ക്കൊപ്പം അതേ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘവും ആംബുലന്‍സ് ജീവനക്കാരും ഉടന്‍ തന്നെ അപ്പാര്‍ട്ട്‌മെന്റിലെത്തി. ഉറക്ക ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെയാണ് അവിടെ കണ്ടെത്തിയത്.
അടിയന്തര ചികിത്സ നല്‍കിയ ശേഷം യുവതിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. നില മെച്ചപ്പെട്ടതോടെ ദുബായ് പൊലീസ് ഓസ്‌ട്രേലിയയിലുള്ള പിതാവിനെ വിവരം അറിയിക്കുകയും മകള്‍ സുരക്ഷിതയാണെന്നും ചികിത്സയിലാണെന്നും സ്ഥിരീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























