തടുക്കാമെങ്കില്‍ തടുത്തോ... കര്‍ണാടകയിലെ രാഷ്ട്രീയ നാടകം ക്ലൈമാക്‌സില്‍ പൊളിച്ചടുക്കാന്‍ മോദി അമിത്ഷാ തന്ത്രം; പിണങ്ങിയ എംഎല്‍എമാരെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ ശ്രമിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി വരുന്നു

കര്‍ണാടക വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത്. ബിജെപി ഏത് നിമിഷവും മന്ത്രിസഭ രൂപീകരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ സ്പീക്കറുടെ നിര്‍ണായക തീരുമാനം തിരിച്ചടിയാകുമോയെന്നാണ് ഭയക്കുന്നത്. അതിനാല്‍ തന്നെ ശക്തമായ നിലപാടെടുക്കാന്‍ മോദി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നിര്‍ദേശം നല്‍കി.
അമിത് ഷായുടെ തന്ത്രം നടപ്പിലാക്കാന്‍ വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാന്‍ വൈകുന്നതില്‍ സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. ബുധനാഴ്ച മുഴുവന്‍ ബി.ജെ.പി എം.എല്‍.എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്തിമ തീരുമാനമെടുക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും.
എം.എല്‍.എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വൈകുന്നതോടെയാണ് പരസ്യമായ നിലപാടുമായി ബി.ജെ.പിയും യെദ്യൂരപ്പയും രംഗത്ത് വന്നത്. സ്പീക്കര്‍ രാജി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് നിലപാട് പിന്നീട് വ്യക്തമാക്കാമെന്ന മറുപടിയാണ് യെദ്യൂരപ്പ നല്‍കിയത്. കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ എം.എല്‍.എമാരെയും അണിനിരത്തി വിധാന്‍ സൗധയ്ക്ക് മുന്നില്‍ നാളെ പ്രതിഷേധ പരിപാടി നടത്തുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. അതിന് ശേഷം സ്പീക്കറെയും കാണും.
വിധാന്‍ സൗധയ്ക്ക് മുന്നിലുള്ള ശക്തിപ്രകടനത്തിലൂടെ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പരസ്യമായി വ്യക്തമാക്കാനാണ് യെദ്യൂരപ്പയും ബി.ജെ.പിയും ശ്രമിക്കുന്നത്. ബി.ജെ.പി ഇത്തരമൊരു നീക്കത്തിലേക്ക് തിരിയുന്നതിലൂടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകും.
അതിനിടെ വിധാന്‍ സൗധയില്‍ സ്പീക്കറെ കാണാനെത്തിയ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സ്പീക്കറെ കാണാനാകാതെ മടങ്ങേണ്ടി വന്നു. ചില എം.എല്‍.എമാര്‍ മാത്രമാണ് ശരിയായ രീതിയില്‍ രാജിക്കത്ത് നല്‍കിയതെന്നായിരുന്നു സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നിലപാട്. പലരുടേയും രാജിക്കത്ത് ചട്ടപ്രകാരമല്ലെന്നും സ്പീക്കര്‍ വ്യക്കമാക്കി. അതിനാല്‍ രാജി പരിഗണിക്കുന്നത് നീട്ടിയ സ്പീക്കര്‍ എം.എല്‍.എമാരോട് തന്നെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ആവശ്യപ്പെട്ടു.
അതേസമയം കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ മുംബൈയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണാന്‍ ഹോട്ടലിന് മുന്നിലെത്തിയ ഡി കെ ശിവകുമാറിനെ പോലീസ് തടഞ്ഞു. ഹോട്ടലിന്റെ കവാടത്തില്‍ എത്തിയെങ്കിലൂം അദ്ദേഹത്തെ ഉള്ളിലേക്ക് കടത്തിവിടാന്‍ പോലീസ് വിസമ്മതിച്ചു. എന്നാല്‍ താന്‍ തിരിച്ചുപോകില്ലെന്നും തന്റെ സുഹൃത്തുക്കളെ കാണാതെ മടങ്ങില്ലെന്നും പറഞ്ഞ ശിവകുമാര്‍ ഇന്നു മുഴുവന്‍ ഇവിടെ ഇരിക്കുമെന്നും വ്യക്തമാക്കി.
താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ടെന്നും അതിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ശിവകുമാര്‍ പറഞ്ഞെങ്കിലൂം പോലീസ് അനുവദിച്ചില്ല. ശിവകുമാര്‍ പോലീസുമായി ചര്‍ച്ച തുടരുമ്പോള്‍ ഗോ ബാക്ക് വിളികളും ഉയര്‍ന്നു. തങ്ങള്‍ക്ക് സംസ്ഥാന നേതാക്കളെ ആരേയും കാണേണ്ട എന്നാണ് ഹോട്ടലില്‍ കഴിയുന്ന കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നേതാക്കള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആരേയൂം ഹോട്ടലിനുള്ളിലേക്ക് കടത്തി വിടരുതെന്നും അത് തങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും കാണിച്ച് എംഎല്‍എമാര്‍ പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി കുമാരസ്വാമി, കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കന്മാര്‍ എന്നിവരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും ആരേയും ഹോട്ടലിലേക്ക് കടത്തിവിടരുതെന്നും പോലീസിന് നല്‍കിയ കത്തില്‍ പ്രത്യേകമായി കാണിച്ചിട്ടുണ്ട്്. ഹോട്ടല്‍ പരിസരത്ത് കുമാരസ്വാമിയും ശിവകുമാറും കലാപം തന്നെ ഉണ്ടാക്കിയേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതുകൊണ്ടു തന്നെ ഭീഷണിയുടെ സാഹചര്യത്തിലാണ് തങ്ങളെന്നും ആരോയും ഹോട്ടലിന്റെ പരിസരത്തേക്ക് പോലും കടത്തി വിടരുതെന്നുമാണ് കത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കത്ത് കിട്ടിയതിന് പിന്നാലെ ഹോട്ടല്‍ റിനൈസാന്‍സിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























