ആനവണ്ടിയുടെ ആ കുതിച്ചുപായല്‍ വെറുതെ ആയില്ല; കെഎസ്ആര്‍ടിസി യാത്രക്കാരി സുഖം പ്രാപിക്കുന്നു

കെ എസ്സ് ആര്‍ ടി സി-യെ പ്രശംസിക്കുന്നതിനുള്ള അവസരം ഉണ്ടാകുമ്പോഴൊക്കെ, നമ്മുടെ ആനവണ്ടി കരയിലും വെള്ളത്തിലുമോടുമെന്ന് പറഞ്ഞാണ് സമൂഹമാധ്യമങ്ങള്‍ ഊറ്റംകൊള്ളാറുള്ളത്. എന്നാല്‍ വേണ്ടി വന്നാല്‍ ആംബുലന്‍സിന് പകരമായും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രസ്തുത വിഡിയോയിലെ രോഗിയായ യാത്രക്കാരി സുഖം പ്രാപിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടര്‍ ശ്രീകാന്തും ഡ്രൈവര്‍ രാജേഷും അവസരോചിതമായ തീരുമാനമെടുത്തതിന്റേയും അവരോടൊപ്പം പൊലീസും യാത്രക്കാരും കൈകോര്‍ത്തതിന്റേയും ഫലമായാണ് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാനായത്.
നെഞ്ചു വേദനയനുഭവപ്പെട്ട യാത്രക്കാരിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചേ പറ്റൂ എന്നു വന്നതോടെ ഡ്രൈവറും കണ്ടക്ടറും മറ്റൊന്നുമാലോചിച്ചില്ല. 4 കിലോമീറ്റര്‍ അപ്പുറമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് പായിച്ചു. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ ഒന്നും ഇറങ്ങാന്‍ ആവശ്യപ്പെടാതെ യാത്രക്കാരും ദൗത്യത്തിനു വേഗം കൂട്ടി.
പാതിവഴിയില്‍ എസ്‌കോര്‍ട്ടുമായി പൊലീസും എത്തിയതോടെ തടസ്സങ്ങളില്ലാതെ ബസ് ആശുപത്രിയിലെത്തി. സ്‌ട്രെച്ചര്‍ എത്താന്‍ പോലും കാത്തുനില്‍ക്കാതെ യാത്രക്കാരിയെ പൊലീസ് എടുത്തുയര്‍ത്തി ആശുപത്രിക്കുള്ളിലേക്ക് ഓടുകയായിരുന്നു.
ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ നിന്നു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീകാന്ത്, ബിജു ഫ്രാന്‍സി എന്നിവരാണ് ബസിന് വഴിയൊരുക്കിയത്.
https://www.facebook.com/Malayalivartha



























