എസ് എഫ് ഐ നേതൃത്വം പറയുന്നത് അനുസരിച്ചില്ലെങ്കിൽ അടിച്ചൊതുക്കും.. യൂണിവേഴ്സിറ്റി കോളേജിലെ അലിഖിത നിയമം ഇങ്ങനെ. നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും പറഞ്ഞുകഴിഞ്ഞു

എസ് എഫ് ഐ നേതൃത്വം പറയുന്നത് അനുസരിച്ചില്ലെങ്കിൽ അടിച്ചൊതുക്കും.. യൂണിവേഴ്സിറ്റി കോളേജിലെ അലിഖിത നിയമം ഇങ്ങനെ. നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും പറഞ്ഞുകഴിഞ്ഞു.
യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ അനുസരിക്കാത്തതിനാല്‍ അഖിലിനോടും മറ്റ് വിദ്യാര്‍ഥികളോടും ഇവര്‍ക്ക് വിദ്വേഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാന്റീനില്‍ വച്ച് പാട്ട് പാടിയതുമായി ബന്ധപ്പെട്ട് അഖിലും യൂണിറ്റ് അംഗങ്ങളുമായി വാക്കേറ്റമുണ്ടായിരുന്നു. അടുത്ത ദിവസം കോളേജിലെത്തിയ അഖിലിനെ കേസിലെ രണ്ടാം പ്രതിയായ നസീം മര്‍ദ്ദിച്ചു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത് അഖിലിനെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടുകൂടി ആയുധമുപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. കുത്തുന്ന സമയത്തു ശിവരഞ്ജിത്തിന്റെ കയ്യിൽ രണ്ട് കത്തി ഉണ്ടായിരുന്നു.
കേസില്‍ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം രണ്ടുപ്രതികളെയും തിരികെ ഹാജരാക്കാനാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. കത്തിക്കുത്ത് നടന്ന യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുക്കും. രണ്ടുകത്തികളും കണ്ടെടുക്കേണ്ടതുണ്ട്.
മുക്കാല്‍ മണിക്കൂര്‍ മര്‍ദ്ദിച്ച ശേഷമാണ് തന്നെ പ്രതികള്‍ കുത്തിവീഴ്ത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ശിവരഞ്ജിത്തിന് കുത്താന്‍ പരുവത്തിന് തന്നെ പിടിച്ചുകൊടുത്തത് നസീമായിരുന്നു. കൊള്ളാൻ ഉദ്ദേശിച്ചു തന്നെയാണ് കുട്ടിയതെന്ന് മുറിവിന്റെ സ്വഭാവം വെച്ച് ഡോക്ടറും മൊഴി നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിയാണ് സി.ഐ. എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൊഴിയെടുത്തത്.
കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മുക്കാല്‍മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടയിലാണ് കുത്തിയതെന്നും മൊഴിയില്‍ പറയുന്നു. താനും സുഹൃത്തുക്കളും കാന്റീനില്‍ ഇരുന്ന് മേശയില്‍ കൊട്ടി പാട്ടുപാടിയതാണ് സംഭവങ്ങളുടെ തുടക്കം. എസ്.എഫ്.ഐ. യൂണിറ്റ് അംഗമായ പെണ്‍കുട്ടി ഇത് എതിര്‍ത്തു. എന്നാല്‍, വകവെക്കാതെ പാട്ട് തുടര്‍ന്നു. പെണ്‍കുട്ടി യൂണിറ്റിനു പരാതി നല്‍കി. അടുത്തദിവസം ഇടിമുറിയില്‍ കൊണ്ടുപോയി യൂണിറ്റംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്നും ഇവര്‍ മോശമായി പെരുമാറി. മരത്തണലില്‍ ഇരുന്നവരോട് എഴുന്നേറ്റുപോകാന്‍ നിര്‍ദേശിച്ചതും തര്‍ക്കത്തിനിടയാക്കി.
ആക്രമിക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ രണ്ടു ദിവസം മുമ്പേ പദ്ധതിയിട്ടിരുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റാണ്് മുറിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ശിവ രഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും യൂണിറ്റ് ഭാരവാഹികള്‍ വിളിച്ചുവരുത്തി. സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോള്‍ നസീം അടിച്ചുതീര്‍ക്കാമെന്നാണു പറഞ്ഞത്. തുടര്‍ന്ന് യൂണിയന്‍ മുറിക്കകത്തുപോയി മറ്റുള്ളവരുമായി തിരിച്ചുവന്ന് മര്‍ദനം തുടങ്ങി. ഇതിനിടെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി പുറത്തേക്കുപോകാന്‍ ഒരുങ്ങിയതോടെ ഇരു ഗേറ്റുകളും യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പൂട്ടി.
സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീര്‍ക്കാനാണ് യൂണിയന്‍ ഓഫീസിലെത്തിയത്. മറ്റു യൂണിറ്റ് ഭാരവാഹികളുമായി സംസാരിക്കാനെത്തിയപ്പോള്‍ ഇവര്‍ നസീമിനെയും ശിവരഞ്ജിത്തിനെയും വിളിച്ചുവരുത്തി.
സര്‍വകലാശാല ഉത്തരക്കടലാസുകള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് എടുത്തവയാണെന്ന് ശിവരഞ്ജിത്ത് മൊഴി നല്‍കി. കോളേജിലേക്ക് ഉത്തരക്കടലാസുകള്‍ കൊണ്ടുവന്നിറക്കി മുറിയിലേക്ക് കയറ്റുന്നതിനിടെ ജീവനക്കാരന്‍ ഒരു കെട്ടുമായി അകത്തേക്കുപോയപ്പോള്‍ പുറത്തിരുന്ന കെട്ടില്‍നിന്ന് വലിച്ചൂരിയെടുത്തു. എന്നാല്‍, സീല്‍ചെയ്ത കെട്ടുകളില്‍നിന്ന് വലിച്ചൂരിയെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
ശിവരഞ്ജിത്തും നസീമുമടക്കം മൂന്നു വിദ്യാര്‍ഥികള്‍ മുന്നിലെത്തിയ വിവാദമായ പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നാണ് ശിവരഞ്ജിത്ത് പോലീസിനോട് പറഞ്ഞത്. ബാക്കിയുള്ളവ കറക്കിക്കുത്തിയെന്നും അവകാശപ്പെട്ടു. പരീക്ഷ സംബന്ധിച്ച കാര്യം പി.എസ്.സി. അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha

























