വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

ബെംഗളൂരുവിൽ വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. ബെംഗളൂരു പാദരായണപുര സ്വദേശി ജുനൈദ് (18)ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളിയായ അർബാസിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നഗരത്തിലെ മജസ്റ്റിക്കിനടുത്തുള്ള കബ്ബൺപേട്ടിലാണ് സംഭവം.
കാൽനടയാത്രികനായ അഭിഭാഷകന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ ജുനൈദും അർബാസും ചേർന്ന് തട്ടിപ്പറിച്ചു. തുടർന്ന് ഇവർ ബൈക്കിൽ രക്ഷപ്പെടാനായി ശ്രമിക്കവേ അഭിഭാഷകനും നാട്ടുകാരും ബഹളമുണ്ടാക്കി. ചുമടുമായി ഇതുവഴി വരികയായിരുന്ന മറ്റൊരാൾ ഇതുകണ്ട് അയാളുടെ തലയിലെ ചാക്കുകെട്ട് മോഷ്ടാക്കളുടെ ബൈക്കിനുനേരേ എറിഞ്ഞു.
ഇതോടെ, ബൈക്ക് മറിഞ്ഞുവീണു. താഴെ വീണ ജുനൈദും അർബാസും ഓടി രക്ഷപ്പെടാനായി ശ്രമിച്ചു. പക്ഷേ, അല്പം ഓടിയശേഷം ജുനൈദ് കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ . ജുനൈദിന് നേരത്തേ ഹൃദ്രോഗബാധയുണ്ടായിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും ബന്ധുക്കൾ .
https://www.facebook.com/Malayalivartha























