ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല'; ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരം; ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടിലെത്തിയ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജയ് ശ്രീറാം വിളി കേള്‍ക്കേണ്ട എങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്ണനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ ഏതാനും മിനിറ്റ് സംസാരിക്കുകയും ചെയ്തു.
ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അടൂരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി ഉന്നത നേതൃത്വം പോലും ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണക്കുകയാണ് ചെയ്തതെന്ന് കുമ്മനം രാജശേഖരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. ഒരാള്‍ ഒരു വിവരക്കേട് പറഞ്ഞെന്ന് കരുതി അതിനെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് മറ്റ് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ചെയ്തതെന്നും പിണറായി വിജയന്‍ അടൂരിനോട് പറഞ്ഞു. തനിക്ക് ചില ഭീഷണി കോളുകള്‍ വന്നിരുന്നു എന്ന കാര്യം അടൂര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ലന്നും മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്‍റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം പ്രതികരിച്ചിരുന്നു. ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂർ. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു. സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷപരാമര്‍ശമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞദിവസം നടത്തിയത്. 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രസ്താവന.
''നേരത്തേ ഇവർ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും'' എന്നായിരുന്നു ബിജെപി നേതാവിന്‍റെ പ്രസ്താവനയോടുള്ള അടൂരിന്‍റെ പ്രതികരണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha






















