ബെന്യാമിന് പിന്നാലെ എഴുത്തുക്കാരൻ തോമസ് ജോസഫിന്റെ ജീവൻ നിലനിർത്താൻ കൈ താങ്ങായി സൃഹൃത്തുക്കൾ; ‘അമ്മയുടെ ഉദരം അടച്ച്' എന്ന നോവലിലൂടെ പണം കണ്ടെത്താൻ ശ്രമം

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കുന്ന എഴുത്തുക്കാരൻ തോമസ് ജോസഫിനെ സാമ്പത്തികമായി സഹായിക്കാനുള്ള പുതിയ മാർഗവുമായി സൃഹൃത്തുക്കൾ രംഗത്ത്. ചികിത്സയ്‌ക്കായി ലക്ഷങ്ങൾ കടം വാങ്ങിയ കുടുംബത്തിന് കൈത്താങ്ങാകാൻ നോവൽ അച്ചടിച്ച് വിൽക്കാനുള്ള ശ്രമത്തിലാണ് അവർ. 28 അധ്യായങ്ങളുള്ള അദ്ദേഹത്തിന്റെ ‘അമ്മയുടെ ഉദരം അടച്ച്’ എന്ന നോവൽ അച്ചടിച്ചു പുറത്തിറക്കി പണം കണ്ടെത്താനാണ് ശ്രമം. വായനപ്പുരയാണ് പുസ്‌തകം പ്രസിദ്ധീകരിക്കുക. അച്ചടിച്ചെലവ് കഴിഞ്ഞുള്ള പണം മുഴുവൻ തോമസ് ജോസഫിന്റെ കുടുംബത്തിന് നൽകുമെന്ന് വായനപ്പുര മാനേജർ സി ടി തങ്കച്ചൻ പറഞ്ഞു. പുസ്‌തകത്തിന്റെ കവർ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പങ്കു വച്ചിരുന്നു. നോവൽ സെപ്‌തംബർ ആദ്യം പുറത്തിറക്കാനാണ് തീരുമാനം. ബോണി തോമസ് നോവലിനു വേണ്ടി 28 ചിത്രങ്ങൾ വരയ്‌ക്കുകയാണ്.
ചികിത്സയ്ക്ക് വേണ്ടി അദ്ദേഹത്തെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ബെന്യാമിൻ അടക്കമുള്ള പ്രമുഖർ രംഗത്തു വന്നിരുന്നു. 2018 സെപ്തംബർ 15നാണ് പക്ഷാഘാതത്തെ തുടർന്ന് തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ചലനശേഷിയും ഓർമയും നശിച്ചിരുന്നു. അഞ്ചുമാസത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയിപ്പോൾ സാമ്പത്തികമായി അവർ ഏറെ തകർന്നിരുന്നു. ചികിത്സക്കായി ഇതിനോടകം തന്നെ 22 ലക്ഷത്തിലധികം രൂപ ചെലവായി കഴിഞ്ഞിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതോടൊപ്പം മകളുടെ പ്രസവ പരിചരണം കൂടിയായപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ റോസിലിക്ക് ഉണ്ടായിരുന്ന ചെറിയ ജോലിയും നഷ്ടമായിരുന്നു. ഏക മകൻ ജെസ്സേയുടെ ചെറിയ വരുമാനം മാത്രമാണ് ഇവരുടെ കുടുംബത്തിന്റെ ഏക ആശ്രയം.
https://www.facebook.com/Malayalivartha






















