യു.എ.ഇ. മാറുന്നു... പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ജോലി നിയമം മാറുന്നു; യു.എ.ഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം

ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. അതിനാല്‍ തന്നെ യു.എ.ഇ.യിലെ ഓരോ വാര്‍ത്തയും മലയാളികള്‍ക്ക് സ്വന്തമാണ്. പ്രവാസികള്‍ക്ക് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. യു.എ.ഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റിനു കീഴില്‍ ജോലി ചെയ്യാം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കില്‍ കൂടി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമാകും.
മാനവശേഷി സ്വദേശിവല്‍കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താക്കന്മാരെ ജോലിക്കു വെക്കാന്‍ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അനുമതി നല്‍കി. നിയമപ്രകാരം വര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഇതു മുഖേന ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സെയ്ഫ് അഹ്മദ് അല്‍ സുവൈദി പറഞ്ഞു.
കമ്പനികള്‍ക്കും ഗുണകരമായിരിക്കും തീരുമാനം, കാരണം, വീസക്കായി വലിയ തുക ചെലവിടാതെ കുറഞ്ഞ ചെലവില്‍ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക് പെര്‍മിറ്റ് മാത്രം എടുത്താല്‍ മതിയാകും. വര്‍ക് പെര്‍മിറ്റിനുള്ള തുക സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു ജോലികളിലേക്ക് മാറുന്നതിനും നിയമ തടസമുണ്ടാകില്ല.
മലയാളികളോട് എന്നും അനുഭാവം കാണിക്കുന്ന സര്‍ക്കാരാണ് യു.എ.ഇ സര്‍ക്കാര്‍. രാജ്യത്തിന്റെ പേരിലെ ആദ്യ അക്ഷരത്തില്‍ ത്തന്നെ പുതിയ ഡൊമെയ്ന്‍ (വെബ്‌സൈറ്റിന്റെ പേര്) ഉണ്ടാക്കി ചരിത്രം കുറിച്ച യു.എ.ഇ സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ മലയാളവും ഉള്‍പ്പെടുത്തിയിരുന്നു.
പോര്‍ട്ടലില്‍ മറ്റു ഭാഷകള്‍ എന്ന വിഭാഗത്തിലേക്ക് പോയാലാണ് ഈ സൗകര്യം ലഭിക്കുക. യു.എ.ഇയില്‍ ഇരുനൂറോളം രാജ്യക്കാര്‍ അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗത്തിനും സ്വന്തം ഭാഷയില്‍ തന്നെ വിവരങ്ങളറിയാന്‍ ഈ പോര്‍ട്ടല്‍ വഴി ഇനി സാധിക്കും. ഇന്ത്യയില്‍നിന്ന് ബംഗാളി, ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നട, മറാത്തി, പഞ്ചാബി, സിന്ധി, തെലുഗു, ഉറുദു തുടങ്ങിയ ഭാഷകളും പോര്‍ട്ടലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാന്‍ പറ്റുന്ന സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ ഇടംപിടിച്ചത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ.
നൂറു മുതല്‍ 2,000 രൂപവരെയുള്ള സാധനങ്ങളാണ് ഇന്ത്യന്‍ കറന്‍സി നല്‍കി വാങ്ങാന്‍ കഴിയുക. ഇന്ത്യന്‍ കറന്‍സിയാണ് നല്‍കുന്നതെങ്കിലും ബാക്കി ലഭിക്കുക ദിര്‍ഹമായിരിക്കും. ജൂലൈ ഒന്നുമുതലാണ് രൂപയെ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഉള്‍പ്പെടുത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനാറാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ.
ഇന്ത്യയില്‍ നിന്നും കൂടുതലായി സഞ്ചാരികളെത്തുന്നതോടെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിച്ചത്.
https://www.facebook.com/Malayalivartha






















