നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച നടക്കും

നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റുമാര്‍ട്ടം തിങ്കളാഴ്ച നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് റീ പോസ്റ്റുമോര്‍ട്ടത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു.
ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങള്‍ പരിശോധനക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലാണു പോസ്റ്റുമോര്‍ട്ടം നടത്തുക.സംസ്‌കാരം നടത്തി 37ാം ദിവസം ഇടുക്കി ആര്‍ഡിഒയുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുക്കുന്നത്.
വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടാകാന്‍ കാരണം മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തതിനെ തുടര്‍ന്നാണെന്നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പോലീസ് മര്‍ദനത്തിലാണോ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലില്‍ രാജ് കുമാറിന് മര്‍ദനമേറ്റിട്ടുണ്ടോ എന്നുമാണു കമ്മീഷന്‍ പരിശോധിക്കുന്നത്.
റീ പോസ്റ്റുമാര്‍ട്ടം അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും ഇതിനായി ദൃശ്യങ്ങള്‍ ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















