നെടുങ്കണ്ടം കസ്റ്റഡി മരണം... രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും... ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ രാവിലെ പത്ത് മണിയോടെയായിരിക്കും മൃതദേഹം പുറത്തെടുക്കുക

നെടുങ്കണ്ടം പൊലീസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ചിട്ടിതട്ടിപ്പ് കേസ് പ്രതി രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ രാവിലെ പത്ത് മണിയോടെയായിരിക്കും മൃതദേഹം പുറത്തെടുക്കുക. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന ജുഡീഷ്യല്‍ കമ്മീഷന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ന്യുമോണിയ മൂലമാണ് രാജ് കുമാര്‍ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ രാജ് കുമാറിന് നെടുങ്കണ്ടം സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നും, തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് കമ്മീഷന്റെ നിലപാട്. രാജ്കുമാറിന്റെ വാരിയെല്ലുകള്‍ക്കേറ്റ പരിക്കായിരിക്കും റീപോസ്റ്റുമോര്‍ട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക.
ഇത് പോലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ പരിശോധന നടത്തും. പൊലീസ് സര്‍ജന്‍മാരായ പി ബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, എകെ ഉന്മേഷ് എന്നിവരാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. രാജ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചിട്ട് ഒരുമാസത്തിലേറെ പിന്നിട്ട സാഹചര്യത്തില്‍ മൃതദേഹത്തിന്റെ അവസ്ഥ നോക്കിയായിരിക്കും എവിടെ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് നിശ്ചയിക്കുന്നത്.
"
https://www.facebook.com/Malayalivartha






















