അന്തംവിട്ട് കേരള നേതാക്കള്‍...യു.പി. മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെപ്പറ്റി കേരളത്തിലുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ യുസഫലിക്ക് പറയാനുള്ളത് നല്ലതുമാത്രം; നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും യുപി സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയെന്ന് യൂസഫലി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പറ്റി ഒരു കേരള നേതാക്കളും നല്ലത് പറയില്ല. തരം കിട്ടുമ്പോഴൊക്കെ കുറ്റപ്പെടുത്തുകയാണ് അവരുടെ സ്റ്റൈല്‍. എന്നാല്‍ പ്രമുഖ വ്യവസായിയായ എം.എ യുസഫലിക്ക് യോഗി ആദിത്യനാഥിനെ പറ്റി പറയാന്‍ നല്ലതുമാത്രമേയുള്ളൂ. നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും മികച്ച പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നിക്ഷേപക സംഗമത്തില്‍ സംസാരിക്കുവെയായിരുന്നു യോഗി സര്‍ക്കാരിനെ യൂസഫലി പ്രശംസിച്ചത്.
ദല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിംഗ് മാള്‍ പണിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ലഖ്‌നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കു പുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിലേറെ പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സമീപനമാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
വാരാണസി, നോയിഡ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാള്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് സാഹിബാബാദിലും ഷോപ്പിംഗ് മാള്‍ ഒരുക്കുന്നത്. യു.പി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒന്നാം നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ സംഗമം. എം.എ. യൂസഫലിക്ക് പുറമേ ഒട്ടേറെ ദേശീയആഗോള പ്രമുഖ വ്യവസായികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ഉത്തര്‍പ്രദേശില്‍ 65,000 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഇരുന്നൂറ്റമ്പതോളം പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും യോഗിയെ പ്രശംസിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് യുപി പ്രധാന ഘടകമാണെന്നും ചുരുങ്ങിയ കാലയളവിലാണ് ഉത്തര്‍പ്രദേശിന്റെ സമസ്ത മേഖലകളും അഭിവൃദ്ധിപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. നാലു ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം ലഖ്‌നൗവില്‍ പുരോഗമിക്കുകയാണ്. 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നും അടുത്തവര്‍ഷം ഇത് പ്രവര്‍ത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. യു.പി. നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേയും യോഗിയെ അഭിനന്ദിച്ച് യൂസഫലി രംഗത്തെത്തിയിരുന്നു. ദുബായില്‍ സംഘടിപ്പിച്ച ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് യൂസഫലി നേരത്തെ പ്രശംസിച്ചത്. ലുലുമാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോള്‍ നല്ല അനുഭവമാണ് ഉണ്ടായത്. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചുവെന്നും 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും പറഞ്ഞ യൂസഫ് അലി തങ്ങളുടെ ലെയ്‌സണ്‍ ഓഫീസറായി ആ ഉദ്യോഗസ്ഥന്‍ മാറിയെന്നും വ്യക്തമാക്കി.
അതേസമയം, കോഴിക്കോട് ലുലുമാള്‍ വരാത്തതിന്റെ കാരണവും യുസഫലി വ്യക്തമാക്കി. കോഴിക്കോട്ട് മാള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് താത്പര്യമറിയിച്ചിരുന്നു. മൂന്നുമാസത്തിനകം സര്‍ക്കാരിന്റ അനുമതികളെല്ലാം ലഭിച്ചു. പണി തുടങ്ങാനിരിക്കുവേ, വേഗത്തില്‍ മാളിന് അനുമതി നല്‍കിയത് ചോദ്യംചെയ്ത് ഒരു വ്യക്തി കേസുനല്‍കി. കേസായപ്പോള്‍ പദ്ധതി നീണ്ടുപോവുകയായിരുന്നെന്ന് യൂസഫലി വ്യക്തമാക്കി. കേരളത്തില്‍ ഒരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും മറ്റു സംസ്ഥാനങ്ങളിലും ഒരു സംരംഭം തുടങ്ങുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയുമാണ് യുസഫ് അലി ആ പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha






















