തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മർദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മര്‍ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി. യുവതിയുടേയും യുവാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത്. നേരത്തെ പോലീസ് കോയമ്ബത്തൂരിലെത്തി യുവതിയേയും യുവാവിനെയും നേരില്‍ക്കണ്ട് മൊഴി എടുത്തിരുന്നു.
യുവതി പൊലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ആണ് പ്രതി സജീവാനന്ദനെതിരെ ചുമത്തിയത്. സജീവാനന്ദനൊപ്പം എത്തി യുവതിയെയും യുവാവിനെയും ശല്യം ചെയ്യാന്‍ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പുതിയതായി കേസില്‍ പ്രതി ചേര്‍ത്തത്. യുവതിയുടെയും യുവാവിന്റെയും രഹസ്യ മൊഴിയെടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha






















