ഓണാഘോഷ ഗതാഗത നിയന്ത്രണത്തിനിടെ മുന്നോട്ട് നീങ്ങിയ ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ തട്ടി ബൈക്ക് ബസിന് മുന്നിലേയ്ക്ക് വഴുതി വീണു; റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം

ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയ്ക്ക് കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മണക്കാട് ശാസ്താനഗറിൽ വത്സലയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുകയായിരുന്നു. അവിവാഹിതയായ വത്സല നിർമിതി കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു. നെയ്യാറ്റിന്‍കര ഡിപ്പോയുടെ ബസാണ് അപകടത്തില്‍പെട്ടത്. ബസ് കിഴക്കേക്കോട്ടയില്‍ എത്തിയശേഷം തിരികെ നെയ്യാറ്റിന്‍കരയ്ക്ക് മടങ്ങവേയായിരുന്നു അപകടം. ഓവര്‍ബ്രിഡ്ജിലെ തിരക്കിലാണ് അപകടമുണ്ടായത്.
ഓണാഘോഷ സമാപനക്കോടനുബന്ധിച്ച ഘോഷയാത്രയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു. സിഗ്നല്‍ ലഭിച്ചപ്പോള്‍ മുന്നോട്ട് നീങ്ങിയ ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ തട്ടി. നിയന്ത്രണം തെറ്റിയ ഒരു ബൈക്ക് ബസിനു മുന്നിലേക്കാണ് മറിഞ്ഞത്. വത്സല റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തൊട്ടടുത്തായിരുന്ന ബസ് ഒഴിച്ചു മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വത്സലയുടെ ശരീരത്തിലൂടെ ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്ന സമയത്ത് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുചക്രവാഹനം ഓടിച്ചിരുന്ന ചേച്ചിയുടെ ഭർത്താവിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വത്സലയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























