മകന് പൂട്ടിയിട്ട എണ്‍പതുകാരി അമ്മയെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി
ബാലരാമപുരത്ത് എണ്‍പത് വയസ് പിന്നിട്ട വൃദ്ധമാതാവിനെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കണ്ടെത്തി. സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കള്‍ പരാതി നല്‍കിയതോടെ വിജയകുമാര്‍ എന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് വിജയകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.
സഹോദരന്റെ വീടിനു മുന്നില്‍ എത്തി അമ്മയെ കാണാന്‍ രണ്ടു മക്കളും അവരുടെ ബന്ധുക്കളും വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാത്ത് നിന്നിട്ടും ഫലമുണ്ടായില്ല. രോഗം മൂര്‍ച്ഛിച്ച് അവശനിലയിലായ അമ്മയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗെയിറ്റും പൂട്ടി ഇളയമകന് വിജയകുമാര്‍ തടഞ്ഞു. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടില്‍ താമസിക്കുന്ന വിജയകുമാര്‍ ലളിതയെ ഒറ്റക്കു പൂട്ടിയിടുകയായിരുന്നെന്ന് അയല്‍ക്കാരും പറഞ്ഞു.സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയല്‍ക്കാരും ആവര്‍ത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാന്‍ തയാറായില്ല. ഒടുവില്‍ പൊലീസിനെ വിളിച്ചു. അര്‍ധരാത്രിയായിട്ടും ഗേറ്റ് പോലും തുറക്കാതിരുന്നതോടെ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വീട് ചവിട്ടിത്തുറന്നു.
ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് കിടക്കുന്ന വൃദ്ധയെയായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്. മറ്റു മക്കള്‍ ചേര്‍ന്ന് അല്പം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി. ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha