ഭര്‍ത്താവ് മരിച്ചതറിയാതെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഭാര്യ വാഹനാപകടത്തില്‍ പെട്ട് മരിച്ചു

ഭര്‍ത്താവ് മരിച്ചതറിയാതെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഭാര്യ വാഹനാപകടത്തില്‍ പെട്ട് മരിച്ചു. കണിയാമ്പറ്റയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മകനും ബന്ധുവിനും പരിക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പില്‍ മുസ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ മുഷ്താക്ക് മൈസൂര്‍ സ്വദേശിയാണ്.
മുസതാഖ് അഹമ്മദിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഗവ. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഷ്താഖ് മരണപ്പെട്ടത് ഭാര്യയെയും മകനെയും അറിയിക്കാതെ ബന്ധുക്കള്‍ ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇവരെ വീട്ടിലെത്തിക്കാനാണ് ജംഷീര്‍ കാര്‍ എടുത്തത്.
ഇന്ധനം കുറവായതിനാല്‍ കൈനാട്ടിയില്‍ നിന്നും വെള്ളാരംകുന്ന് പെട്രോള്‍ പമ്പിലേക്ക് പോകും വഴി കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മകന്‍ അന്‍സാറിനെ (19) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് ഇവരുടെ സ്ഥിരതാമസം. ഉച്ചയോടെ ദമ്പതികളുടെ ഖബറടക്കം നടക്കും.
https://www.facebook.com/Malayalivartha
























