റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന പരാതിയിൽ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; കള്ളക്കേസാണെന്നും ജയിലില്‍ കിടക്കാന്‍ താൻ തയാറാണെന്നും പ്രതികരണം

ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് ഷാനിമോള്‍. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തി എന്ന പരാതി ഇവർക്കെതിരെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. തുറവൂര്‍ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് പരാതി നൽകിയത്. അരൂര്‍ പൊലീസാണ് കേസെടുത്തത്. . ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. സെപ്റ്റംബര്‍ 27ആം തീയതി രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വന്ന് റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി വന്നിരിക്കുന്നത്.
എന്നാൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും എങ്കിലും ജയിലില്‍ കിടക്കാന്‍ താൻ തയാറാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നടത്തിയ നിര്‍മാണപ്രവര്‍ത്തനം തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത്. കേസെടുത്തിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















