പാപനാശം തീരത്തെ ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തുന്നതിനു മുമ്പ് എഎസ്‌ഐ അടക്കം മൂന്നുപേരെ പൂട്ടിയിട്ടു!

ഡ്യൂട്ടി പൊലീസുകാര്‍ക്കുള്ള വിശ്രമമുറി പുറത്ത് നിന്നു പൂട്ടിയ ശേഷം കാണിക്കവഞ്ചി തകര്‍ത്ത് മോഷണത്തിന് ശ്രമം. വര്‍ക്കല പാപനാശം തീരത്തെ ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി തല്ലിപ്പൊളിച്ച് മോഷണം നടത്തുന്നതിനു മുമ്പാണ്് പൊലീസുകാരെ അമ്പരിപ്പിച്ച സംഭവം ഉണ്ടായത്. തീരത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് മണ്ഡപത്തോടു ചേര്‍ന്നു നിര്‍മിച്ച മുറിയില്‍ ഇന്നലെ ഒരു എഎസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ ഉള്ളപ്പോഴാണ് പൂജപ്പുര ജുവനൈല്‍ ഹോമില്‍ നിന്നു ഒളിച്ചു കടന്ന രണ്ടു കുട്ടികള്‍ ഇത് ചെയ്തത്. കുട്ടികളെ സംഭവ സ്ഥലത്ത് നിന്നു കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് 'കുട്ടി മോഷ്ടാക്കള്‍' സ്ഥലത്തെത്തിയത്.
മോഷണത്തിന് മുന്‍പായി മുറിയുടെ വാതിലിന്റെ ഓടാമ്പല്‍ പുറത്തു നിന്നു പൂട്ടിയ ശേഷമാണ് ഭാരമേറിയ കാണിക്കവഞ്ചി മണ്ഡപത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടു വന്നു പിന്നാമ്പുറത്ത് കല്ലു ഉപയോഗിച്ചു പൊളിക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട പൊലീസുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ പുറത്തു നിന്നു പൂട്ടിയിട്ടതായി മനസ്സിലാക്കി.
അതോടെ പൊലീസുകാര്‍ നാട്ടുകാരില്‍ ചിലരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. പൊലീസുകാരെ സഹായിക്കാന്‍ എത്തിയവര്‍ മുറി തുറന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കാണിക്കവഞ്ചിയും പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാക്കളെയും കണ്ടെത്തിയത്. കാണിക്ക വഞ്ചിയുടെ പൂട്ടു കല്ലുപയോഗിച്ചു പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല.
https://www.facebook.com/Malayalivartha





















