തിരുവനന്തപുരത്ത് സ്‌കൂളില്‍ ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് വന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു ... മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരത്ത് സ്‌കൂളില്‍ ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് വന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു. നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചത്. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം അബ്ദുല്‍ അസീസിന്റെയും മാജിദാ ബീവിയുടെയും മകന്‍ സുഹൈലി(16) നാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ് മാസം 25നാണ് സംഭവം നടക്കുന്നത്. ഷര്‍ട്ട് ഇന്‍ ചെയ്തുവന്ന സുഹൈലിനോടു ഷര്‍ട്ട് പുറത്തിടാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞപ്പോഴും തടഞ്ഞു നിര്‍ത്തി വീണ്ടും മര്‍ദ്ദിച്ചു. സ്‌കൂളിലെ സുരക്ഷാജീവനക്കാരന്‍ നോക്കി നില്‍ക്കേയാണ് സംഭവം.
പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചശേഷം വീട്ടിലെത്തിയ സുഹൈല്‍ മാതാപിതാക്കളോടും വിവരം പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ സുഹൈല്‍ കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകര്‍ കന്യാകുളങ്ങര ഗവ. ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷകര്‍ത്താക്കള്‍ സ്‌കൂളധികാരികള്‍ക്കും വട്ടപ്പാറ പോലീസിനും പരാതി നല്‍കി.
അതേ തുടര്‍ന്ന് ആക്രമണത്തിലേര്‍പ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികളെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കാമെന്നും വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാല്‍ റാഗിംഗിനു കേസെടുക്കുമെന്നു വട്ടപ്പാറ പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















