ലാലേട്ടൻ വഴി തിരുവഞ്ചൂരിന് ക്വട്ടേഷൻ ഒരുക്കി സർക്കാർ; പാലാരിവട്ടത്തിന് ശേഷം ഒരു കോൺഗ്രസ് മന്ത്രിയെ കുരുക്കാൻ ഇടതുമുന്നണിക്ക് മറ്റൊരു അവസരം

മുൻ മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണന് ക്വട്ടേഷൻ ഒരുങ്ങുന്നു. ക്വട്ടേഷൻ വിമാനത്തിൽ കയറി വരുമെന്ന് പറയുന്നതു പോലെയാണ് തിരുവഞ്ചൂരിനായി ക്വട്ടേഷൻ സർക്കാർ ഒരുക്കിയത്. നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റ് നൽകിയ വനം വകുപ്പിന്റെ നടപടിയെ കുറിച്ച് എ ഡി ജി പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പത്തനംതിട്ട സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഒക്ടോബർ 24 നകം വിശദീകരണം നൽകണം.
കേസിൽ അന്വേഷണത്തിന് തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അതോടെ കുലുക്കി സർബത്ത് പോലെ തിരുവഞ്ചൂരിനെ സർക്കാർ കുലുക്കി ശരിയാക്കും. മോഹൻലാൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. സമാന വിഷയത്തിലുള്ള മറ്റ് കേസുകൾക്ക് ഒപ്പമാണ് ഇത് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് മലയാളിയല്ല. പൊതുതാത്പര്യ ഹർജിയായതിനാൽ ചീഫ് ജസ്റ്റിസാണ് കേസ് പരിഗണിക്കുക.
2011 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് കണ്ടെത്തിയത്. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിലുള്ള 13 കലാശില്പങ്ങളുമാണ് കണ്ടെത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് വനം വകുപ്പിൽ നിന്ന് സ്വാധീനത്തിന്റെ ഫലമായി സർട്ടിഫിക്കേറ്റ് ലഭിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അനേഷണം വേണമെന്നാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജമേഷ് മാത്യുവിന്റെ ആവശ്യം. ലാലിന്റെ കൈയിലുള്ള ആനക്കൊമ്പുകളും ശില്പങ്ങളും പിടിച്ചെടുക്കണമെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ആദ്യം വനം വകുപ്പ് മോഹൻലാലിനെതിരെയാണ് നീങ്ങിയത്. ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും ഇത് ലാലിന് നൽകിയവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും വനംവകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് മന്ത്രിതലത്തിലുണ്ടായ ഇടപെടലിനെ തുടർന്ന് തീരുമാനം തിരുത്തുകയായിരുന്നു. മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ മന്ത്രിതലത്തിൽ സമ്മർദ്ദമുണ്ടായെന്നാണ് കേൾക്കുന്നത്. ഇത് നിയമവിരുദ്ധമായിരുന്നു. വനം വകുപ്പിന് ഇക്കാര്യത്തിൽ മറിച്ചുള്ള അഭിപ്രായമായിരുന്നു. എന്നാൽ തിരുവഞ്ചൂർ ലാലിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്രേ.
പാലാരിവട്ടത്തിന് ശേഷം ഒരു കോൺഗ്രസ് മന്ത്രിയെ കുരുക്കാനുള്ള അവസരമാണ് ഇടതുമുന്നണിക്ക് വന്നുചേർന്നിരിക്കുന്നത്. കേസിൽ മോഹൻലാലിനെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ തർക്കമില്ല. സർക്കാരിന്റെ മുഖം സുതാര്യമാണെന്ന് വരുത്തിതീർക്കാം എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമപ്രകാരം കാര്യങ്ങൾ മോഹൻലാലിന് എതിരാണ്. പാർട്ടി സെക്രട്ടറി മക്കളുടെ സ്വാധീന ഫലമായി ഇടപെട്ടാൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരികയുള്ളു.
അതേസമയം ഭരണപരമായ കാര്യങ്ങളിൽ തിരുവഞ്ചൂർ അതിബുദ്ധിമാനാണ്. ലാലിനെ സഹായിക്കണമെന്ന് അദ്ദേഹം എഴുതികൊടുത്തിട്ടില്ലെങ്കിൽ വനം വകുപ്പുകാർ കുടുങ്ങും. നിയമുവിരുദ്ധമായ കാര്യങ്ങൾ ചെയ്തതിന് മറുപടി പറയേണ്ടി വരും.
https://www.facebook.com/Malayalivartha






















