റിങ്കുവിന്റെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകളുമായി പ്രവാസികള്‍!

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടില്‍ റോസമ്മയുടെ ഏക മകനായ റിങ്കു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ അടുത്തിടെയാണ് കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ താല്‍ക്കാലിക മേട്രനായ കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യ എന്ന യുവതി റിങ്കുവിനെ അകാരണമായി കരണത്തടിച്ചത്. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവതി വച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കിവച്ചതില്‍ അരിശംപൂണ്ട ആര്യ ആളുകള്‍ നോക്കിനില്‍ക്കെ റിങ്കുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
എന്നാല്‍ ഈ യുവാവ് തിരിച്ചടിക്കുകയുണ്ടായില്ല. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കെ ഉണ്ടായ ഈ ദുരനുഭവം മനസിനെ തളര്‍ത്തി. മകനെ പരസ്യമായി ഒരു സ്ത്രീ മര്‍ദിക്കുന്നത് കണ്ട് ഹൃദയരോഗി കൂടിയായ അമ്മയും നോവുകയാണ്.
എങ്കിലും പതിവുപോലെ നന്മ വറ്റാത്ത മനസിനുടമകളായ കേരളീയര്‍ ഒന്നടങ്കം എന്‍ജിനീയറിങ് വിദ്യാര്‍ഥി കൂടിയായ ഈ യുവാവിന് പിന്തുണയുമായി എത്തി. അതിന്റെ അലയൊലികള്‍ പ്രവാസ ലോകത്തും ചലനം സൃഷ്ടിച്ചു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനി ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ്(ജെടിഎസ്) എന്ന എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ടെക്‌നിക്കല്‍ വിഭാഗത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ കൂടിയായ ബൈജു, റിങ്കുവിന് ഇതേ കമ്പനിയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്യുകയാണ്.
കോഴിക്കോട് പന്തീരീങ്കാവ് സ്വദേശിയായ ബൈജു ചാലില്‍ റിങ്കുവിന് തൊഴില്‍ വീസയും 35,000 രൂപ പ്രതിമാസ ശമ്പളവും താമസവും ഭക്ഷണവുമാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ, റിങ്കുവിന് നാട്ടില്‍ ജോലി വാഗ്ദാനം ചെയ്ത വാര്‍ത്ത ഒരു പ്രമുഖ പത്രത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ചപ്പോള്‍ അതിനു താഴെയും ബൈജു തന്റെ കമ്പനിയിലേയ്ക്കുള്ള ക്ഷണം കമന്റു ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ എല്‍ഇഡി ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ നിര്‍വഹിച്ച കമ്പനിയാണിത്. നിലവില്‍ ദുബായിയുടെ മറ്റൊരു ആകര്‍ഷണമാകാന്‍ പോകുന്ന മ്യൂസിയം ഓഫ് ഫ്യൂചര്‍ തുടങ്ങിയ ഒട്ടേറെ വന്‍ പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥി കൂടിയായതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താല്‍പര്യമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്നും ബൈജു പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പര്‍: +971 50 215 2076.
റിങ്കുവിന്റെ ക്ഷമയ്ക്ക് സ്‌നേഹം കൊണ്ട് മറുപടി പറയുകയാണ് പ്രവാസികളടക്കമുള്ള മലയാളികള്‍. ഒടുവിലായി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയും ചലച്ചിത്ര സംവിധായകനുമായ സോഹന്‍ റോയിയും റിങ്കുവിന് ജോലി വാഗ്ദാനം ചെയ്തു. റിങ്കുവിന് ആവശ്യമുള്ള പരിശീലനം നല്‍കിയ ശേഷം ജോലിയും ഒരു എന്‍ജിനീയര്‍ക്ക് നല്‍കുന്ന ശമ്പളവും നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍പ് ഗള്‍ഫില്‍ നിന്നു തന്നെ പല ഓഫറുകളും റിങ്കുവിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ സ്‌നേഹത്തിന് നന്ദി പറയുന്ന റിങ്കു തന്റെ അവസ്ഥ കൂടി പറയുന്നു.
ഇപ്പോള്‍ അത്യാവശ്യം, നാട്ടില്‍ തന്നെയുള്ള ജോലിയാണെന്ന് റിങ്കു പറയുന്നു. അമ്മയുടെ രോഗാവസ്ഥ കാരണം തത്കാലം വിദേശ ജോലി സ്വീകരിക്കാന്‍ കഴിയില്ല. ഈ മാസം അവസാനത്തോടെ അമ്മയുടെ ഓപ്പറേഷന്‍ നടത്തണം. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ് ചെയ്യുന്നത്. അതിനു ശേഷം അമ്മയെ പരിചരിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനും താന്‍ നാട്ടില്‍ തന്നെ വേണമെന്നും റിങ്കു പറഞ്ഞു. സോഹന്‍ റോയി ഉള്‍പ്പെടെയുള്ള മനുഷ്യ സ്‌നേഹികളുടെ കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി സാധ്യതയാണ് ഇനി റിങ്കുവിന്റെ പ്രതീക്ഷ.

ആ ചെറുപ്പക്കാരന്റെ ജീവിതം കൈവിട്ട് പോകുമെന്ന അവസ്ഥയിലാണെന്ന് തോന്നിയതിനാലാണ് തന്റെ കമ്പനിയില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് സോഹന്‍ റോയ് വ്യക്തമാക്കി. മാരിടൈം, മാധ്യമം, മെഡിക്കല്‍, ടൂറിസം, സിനിമ തുടങ്ങിയ മേഖലകളില്‍ 14 രാജ്യങ്ങളിലായി 50 കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരുടെ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പെന്‍ഷന്‍, മെഡിക്കല്‍ തുടങ്ങിയ സ്‌കീമുകളും പ്രാബല്യത്തില്‍ കൊണ്ട്വന്ന മധ്യപൂര്‍വേഷ്യയിലെ ഏക കമ്പനി കൂടിയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതില്‍ സോഹന്‍ റോയിയുടെ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ മാതൃകാപരവും പലപ്പോഴും അത് മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളതുമാണ്.
https://www.facebook.com/Malayalivartha






















