മാവോവാദിബന്ധമുണ്ടെന്നും ലഘുലേഖകള്‍ കൈവശം വെച്ചെന്നും ആരോപിച്ച് യു.എ.പി.എ പ്രകാരം പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്രത്യേക കോടതികൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

ലഘുലേഖകള്‍ കൈവശംവെച്ചെന്നും മാവോവാദിബന്ധമുണ്ടെന്നും ആരോപിച്ച് യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്രത്യേക കോടതികൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. അഡ്വ. എം.കെ. ദിനേശനാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാവുക.
യു.എ.പി.എയിലെ 20, 32, 39 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നായിരിക്കും പ്രതിഭാഗത്തിന്റെ മുഖ്യവാദം. ഏതെങ്കിലും ആശയത്തെ പിന്താങ്ങി എന്നതുകൊണ്ടുമാത്രം യു.എ.പി.എ ചുമത്താന്‍ കഴിയില്ലെന്നതാണ് പ്രതിഭാഗമെടുക്കുന്ന മുഖ്യ നിലപാട്. വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മല്‍ അങ്ങാടിയില്‍ മൂന്നു പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇവരുടെ കൈയില്‍നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തത്രേ. 'മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക' എന്ന തലക്കെട്ടില്‍ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് 'പിടികൂടിയത്'.
ത്വാഹ ഫസല്‍ സി.പി.എം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിന്റെ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചില്‍ പി.ജി വിദ്യാര്‍ഥിയാണ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവര്‍ത്തകനും കണ്ണൂര്‍ സര്‍വകലാശാല ധര്‍മടം സെന്ററില്‍ രണ്ടാം വര്‍ഷ എല്‍എല്‍.ബി വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്.
https://www.facebook.com/Malayalivartha




















