തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍

വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ക്കു കേടുപാട് വരുത്തി ലക്ഷങ്ങളുടെ ചെലവ് വരുത്തി തെരുവുനായ്ക്കള്‍. ഉടമകള്‍ക്കുണ്ടായ നഷ്ടം 2 ലക്ഷത്തിലധികം രൂപ. പൂഴിക്കാട്ട് വ്യത്യസ്ത ദിവസങ്ങളില്‍ രാത്രിയിലാണു സംഭവം. പൂഴിക്കാട് വിളയില്‍ പുത്തന്‍വീട്ടില്‍ എസ്.അനീഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ രണ്ടുതവണ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ആദ്യ തവണ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളും ബോണറ്റും കടിച്ചുകീറി. ഇതിന്റെ അറ്റകുറ്റപ്പണിക്ക് 1,60,000 രൂപ ചെലവ് വരുമെന്നാണ് ഷോറൂമില്‍ നിന്നറിയിച്ചത്. തുടര്‍ന്നു നായ്ക്കള്‍ കയറാതിരിക്കാന്‍ 25,000 രൂപയോളം ചെലവഴിച്ച് വേലി സ്ഥാപിച്ചു. എന്നാല്‍, മണ്ണ് തുരന്ന് ഉള്ളില്‍ കടന്ന തെരുവുനായ്ക്കള്‍ വീണ്ടും കാറിനു കേടുപാടുകള്‍ വരുത്തി.
ഇതു പരിഹരിക്കാന്‍ 18,000 രൂപയോളം വീണ്ടും ചെലവായി. സമീപവാസിയായ പൂഴിക്കാട് സരോവരത്തില്‍ ലിനുവിന്റെ കാറാണ് ഒരാഴ്ച മുന്‍പ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. 22,000 രൂപയാണ് ഇതിന്റെ അറ്റകുറ്റപ്പണിക്ക് ചെലവായത്. ഇത്തരത്തിലുണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതും ഉടമകള്‍ക്കു പണച്ചെലവിന്റെ ആഘാതം കൂട്ടി. ചിത്ര ആശുപത്രിക്ക് മുന്‍പില്‍ കാടുമൂടിയ നിലയിലുള്ള സ്വകാര്യ സ്ഥലത്താണു തെരുവുനായ്ക്കള്‍ തമ്പടിക്കുന്നതെന്നും നടപടി ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ ബിജു കൂട്ടംവെട്ടിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























