അഭയ കൊലക്കേസ്: തൊണ്ടിമുതൽ തിരികെ ഏല്പിച്ചിട്ടില്ലെന്നു സാക്ഷിമൊഴി; തൊണ്ടിമുതലുകൾ തിരികെ നൽകാൻ തന്നെ ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റൈറ്റർ സി ബി ഐ കോടതിയിൽ മുമ്പ് മൊഴി നൽകിയത്

സിസ്റ്റർ അഭയക്കേസിലെ തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം , ഡയറി , ചെരുപ്പുകൾ എന്നിവയടക്കമുള്ള എട്ട് തൊണ്ടി മുതലുകൾ ക്രൈം ബ്രാഞ്ച് തിരികെ ഏൽപ്പിച്ചിട്ടില്ലെന്ന് കോട്ടയം സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിലെ മുൻ എൽഡി ക്ലാർക്ക് മുരളീധരന്റെ സാക്ഷി മൊഴി.വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയിലാണ് മുരളീധരൻ മൊഴി നൽകിയത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ഹാജരാക്കിയ തൊണ്ടി മുതലുകൾ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ഉടൻ തിരികെ വാങ്ങിക്കൊണ്ടുപോയിരുന്നു . ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സാമുവലിന്റെ അപേക്ഷ പ്രകാരം സീനിയർ സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരം താനാണ് തൊണ്ടി മുതലുകൾ 1992 ൽ തിരികെ കൊടുത്തത്. എന്നാൽ 1993 ൽ അഭയയുടേത് മുങ്ങി മരണമാണെന്നു പറഞ്ഞു കേസ് എഴുതി തള്ളി റെഫർ ചാർജ് ഹാജരാക്കി. എന്നാൽ തൊണ്ടിമുതലുകൾ യാതൊന്നും ഹാജരാക്കിയില്ല.അഭയയുടെ ഒരു ഡയറി മാത്രമാണ് ഹാജരാക്കിയത്..
അതേ സമയം സീനിയർ സൂപ്രണ്ട് ഏലിയാമ്മയ്ക്ക് മുമ്പാകെ ക്രൈംബ്രാഞ്ച് തൊണ്ടിമുതലുകൾ തിരികെ ഏൽപ്പിക്കുന്നതായ കത്ത് സി ബി ഐ പ്രോസിക്യൂട്ടർ കോടതി രേഖകളായി സിബിഐ ഹാജരാക്കിയത് സാക്ഷിയെ കാണിച്ചു കൊടുത്തു. അതിൽ പരിശോധിച്ച് സ്വീകരിക്കുക എന്ന് ഏലിയാമ്മ എഴുതി ഇനിഷ്യൽ ചെയ്തിരിക്കുന്നതിനെ പറ്റി പ്രോസിക്യൂട്ടർ ചോദിച്ചപ്പോൾ അത് ഏലിയാമ്മയുടെ കൈയ്യക്ഷരമല്ലെന്നും പോലീസുകാർ കൃത്രിമമായി ഒപ്പിട്ടതാകാമെന്നും അപ്രകാരം ഏലിയാമ്മ യഥാർത്ഥത്തിൽ ഒപ്പിട്ടിരുന്നുവെങ്കിൽ ഡിസ്ട്രിബ്യൂഷൻ നമ്പർ പതിക്കുമായിരുന്നു. താനാണ് അവ പരിശോധിച്ച് സ്വീകരിക്കേണ്ടത്. തന്റെ അറിവിൽ അങ്ങനെ വന്നിട്ടില്ലന്നും മുരളീധരൻ മൊഴി നൽകി.
1993 ൽ തീർന്ന കേസുകളുടെ രേഖകൾ നശിപ്പിക്കാൻ ആർഡിഒ കിഷോർ ഉത്തരവിട്ടിരുന്നു.എന്നാൽ അഭയ കേസിലെ രേഖകളോ തൊണ്ടിമുതലുകളോ താൻ നശിപ്പിച്ചിട്ടില്ലെന്നും ആരും കത്തിച്ചു കളയുന്നത് താൻ കണ്ടിട്ടില്ലെന്നും തൊണ്ടിമുതലുകൾ കത്തിച്ചു കളയാറില്ലെന്നും പ്രതിഭാഗത്തിന്റെ ക്രോസ് ചോദ്യത്തിന് മറുപടിയായി മുരളീധരൻ മൊഴി നൽകി.
അതേ സമയം തൊണ്ടിമുതലുകൾ തിരികെ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാമുവൽ തന്നെ ഏൽപ്പിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിളും റൈറ്ററുമായ കെ. ശങ്കരൻ കോടതിയിൽ ഒരു മാസം മുമ്പ് സാക്ഷി മൊഴി നൽകിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗം പതിനേഴാം സാക്ഷിയായി മൊഴി നൽകുകയായിരുന്നു ഹെഡ് കോൺസ്റ്റബിൾ.
ക്രൈം ബ്രാഞ്ച് കേസന്വേഷണം പൂർത്തിയാക്കി കേസ് മുങ്ങിമരണമാണെന്ന് കാണിച്ച് കേസ് എഴുതി തള്ളി ആർ ഡി ഓ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് തൊണ്ടി മുതലുകൾ കോടതിയിൽ തിരികെ സമർപ്പിക്കാൻ റൈറ്ററായ ശങ്കരനെ ഏൽപ്പിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ. സാമുവൽ , സൂപ്പർവൈസിംഗ് ഓഫീസർ ആയിരുന്ന എസ്.പി. കെ.റ്റി. മൈക്കിൾ എന്നിവർ സിബി ഐ ക്ക് നേരത്തേ മൊഴി നൽകിയിരുന്നത്.
https://www.facebook.com/Malayalivartha

























