എല്ലാം പത്മനാഭന്‍ സാക്ഷി... മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി കേരളം സന്ദര്‍ശിക്കുന്നു; ഭക്തിമാര്‍ഗത്തില്‍ എത്തുന്ന കര്‍ണാടക മുഖ്യമന്ത്രിയെ പ്രതിഷേധത്തില്‍ നിന്നും സംരക്ഷിക്കേണ്ടത് കേരള പോലീസിന്റെ ഉത്തരവാദിത്വം

കഴിഞ്ഞ ദിവസം മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗലൂരു പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നെത്തിയ ഏഴു മാധ്യമപ്രവര്‍ത്തകരേയാണ് കര്‍ണാടക പൊലീസ് കരുതല്‍ തടങ്കലില്‍വെച്ചു പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ ഏഴുമണിക്കൂര്‍ നേരം തടങ്കലില്‍വെച്ച പൊലീസ് കനത്ത പ്രതിഷേധത്തെതുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചാണ് കേരള പൊലീസിനു കൈമാറിയത്. ഇത് വളരെയേറെ പ്രതിഷേധത്തിന് വഴിയൊരുക്കി.
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിയും മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുകയാണ്. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായാണ് എത്തുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ കേരള സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കും. അതേസമയം എന്തെങ്കിലും പ്രതിഷേധമുണ്ടായാല്‍ പ്രതിഷേധക്കാരില്‍ നിന്നും യദ്യൂരപ്പയെ സംരക്ഷിക്കേണ്ട ചുമതല കേരള സര്‍ക്കാരിനുണ്ട്.
മീഡിയവണ്‍ ടി.വി റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, കാമറാമാന്‍ കെ.കെ. അനീഷ്‌കുമാര്‍, െ്രെഡവര്‍ എം.എച്ച്. സാലിഖ്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, കാമറാമാന്‍ പ്രദീഷ് കപ്പോത്ത്, 24 ചാനല്‍ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറാമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുമേഷ് എന്നിവരെയാണ് മംഗലരൂവില്‍ കരുതല്‍ തടങ്കലില്‍വെച്ചത്. മീഡിയവണ്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍ തന്നെയാണുള്ളത്. നടപടി പൂര്‍ത്തിയാക്കി വിട്ടയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍, നൗഷീന്‍ എന്നിവരുടെ മൃതദേഹം സൂക്ഷിച്ച വെന്‍ലോക് ആശുപത്രിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചാനലില്‍ തല്‍സമയം വാര്‍ത്ത നല്‍കി വാഹനത്തില്‍ കയറുന്നതിനിടയിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച് കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശത്തെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞ പൊലീസ്, ഇവരെ മംഗളൂരു സൗത്ത് സ്‌റ്റേഷനിലേക്കാണ് കൊണ്ടു പോയത്. അവിടെ കുടിവെള്ളം േപാലും നല്‍കാന്‍ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണവും നല്‍കിയില്ല. ഒട്ടും മാന്യമല്ലാതെയാണ് പെരുമാറിയയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് കാര്യങ്ങള്‍ വിളിച്ചറിയിക്കാനും അനുവദിച്ചില്ല. പോരാത്തതിന് കസ്റ്റഡിയിലെടുത്തത് വ്യാജ റിപ്പോര്‍ട്ടര്‍മാരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
മീഡിയവണ്‍ സംഘത്തെയാണ് ആദ്യം കസ്റ്റഡയിലെടുത്തത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പി.എസ്. ഹര്‍ഷയുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ താക്കോല്‍ വാങ്ങിവെച്ചു. തുടര്‍ന്ന് ഷബീര്‍, അനീഷ്, സാലിഖ് എന്നിവരെ പൊലീസ് വാനില്‍ കയറ്റി. ഇവര്‍ക്കൊപ്പം മരിച്ചയാളുടെ ബന്ധുവിനെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. പൊലീസ് വാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടം നല്‍കിയില്ല. പ്ലാറ്റ്‌ഫോമിലാണ് ഇരുത്തിയത്. ഇതിനിടയില്‍ മറ്റു മലയാളം മാധ്യമ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനം ദൂരെ നിര്‍ത്തിയിട്ടിരുന്നതിനാല്‍ കസ്റ്റഡിയിലെടുത്തിരുന്നില്ല. മീഡിയവണ്‍ സംഘത്തെ നേരെ സ്‌റ്റേഷനില്‍ എത്തിച്ചുവെങ്കിലും ഏഷ്യാനെറ്റ്, 24, ന്യൂസ് 18 സംഘത്തെ പൊലീസ് നഗരംകറക്കി നാലു മണിക്കൂറിനുശേഷമാണ് സൗത്ത് സ്‌റ്റേഷനിലെത്തിച്ചത്. ഇവരുടെ കാമറ, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. ഇതിനിടയില്‍ വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന നിലയില്‍ ചില ചാനലുകള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു.
വിഷയം മുഖ്യമന്ത്രി ചീഫ് സെക്രട്ടറി മുഖേന കര്‍ണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തവര്‍ യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകരാണെന്ന പട്ടികയും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് അയച്ചുകൊടുത്തു. ഉച്ചയോടെ മലയാള മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ചാനലുകളില്‍ വന്നെങ്കിലും മൂന്നരയോടെയാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് യദ്യൂരപ്പയുടെ വരവ്.
https://www.facebook.com/Malayalivartha

























