ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്

നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. രമേശ് ചെന്നിത്തല തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കെ സുരേന്ദ്രന് ആഞ്ഞടിച്ചു. അത് കേരളത്തിനു ബോധ്യമായി എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. 'രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.'- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ 'ഗോബാക്ക് ' വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറുടെ മുന്നില്‍ കുത്തിയിരുന്നു.
ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്‌ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശനമാണ് ചെന്നിത്തല നടത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്നും കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.
ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവര്‍ണര്‍ ആര്‍എസ്‌എസ്-ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നുവെന്നും ചെന്നിത്തല തുറന്നടിച്ചു.
അടുത്ത ആഴ്ച്ച ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുമ്ബോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ ജസ്റ്റിസ് പിഎസ് സദാശിവം എന്നൊരു ഗവര്‍ണര്‍ ഉണ്ടായിരുന്നുവെന്നും മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുമോ വായിക്കാതെ വിടുമോ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ക്ക് പ്രസംഗത്തോടെ അന്ത്യമായി. ഉള്ളടക്കത്തോട് വ്യക്‌തിപരമായ വിയോജിപ്പ് ഉണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നുമുള്ള ആമുഖത്തോടെ പതിനെട്ടാമത് ഖണ്ഡിക വായിക്കാന്‍ ഗവര്‍ണര്‍ നിര്‍ബ്ബന്ധിതനായി.
പ്രസംഗത്തിലെ ഈ ഭാഗം വായിക്കില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ തുടര്‍ന്ന്‍ പ്രസംഗത്തിനു വാര്‍ത്താപ്രാധാന്യം ഏറിയിരുന്നു. എന്നാല്‍ വായിക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും പിന്നോട്ടുപോയില്ല.പൗരത്വനിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനോടും സുപ്രീംകോടതിയെ സമീപിച്ചതിനോടും ഗവര്‍ണര്‍ക്ക് എതിര്‍പ്പായിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരമര്‍ശങ്ങള്‍ക്കെതിരെയും ഗവര്‍ണര്‍ നിലപാടെടുത്തത്.
https://www.facebook.com/Malayalivartha


























