വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ 19 വയസ്സുകാരനായ കോളേജ് വിദ്യാർഥി കുത്തേറ്റ് മരണമടഞ്ഞു. ബെംഗളൂരു ദീപാ കോംപ്ലക്സിന് സമീപം അണ്ണപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, വിദ്യാർഥി പഠിച്ചിരുന്ന സ്വകാര്യ കോളേജിന് പിന്നിലെ ജിമ്മിന് സമീപത്താണ് സംഭവം നടന്നത്.
ഒന്നാം വർഷ ബി.കോം വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പതിവുപോലെ കോളേജിലെത്തിയ വിദ്യാർഥിയെ, അതേ കോളേജിലെ മറ്റൊരു വിദ്യാർഥി ഫോണിൽ വിളിച്ച് സംസാരിക്കാനായി പുറത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു. കോളേജിന് പിൻവശത്തുള്ള സ്ഥലത്തെത്തിയപ്പോൾ ഏഴെട്ടോളം പേർ അടങ്ങുന്ന സംഘം അവിടെയുണ്ടായിരുന്നു. തുടർന്ന് ഇവിടെ വെച്ച് ഇരുസംഘങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും ഇത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
വാക്കേറ്റത്തിനിടെ സംഘത്തിലൊരാൾ കത്തിയെടുത്ത് വിദ്യാർഥിയുടെ നെഞ്ചിൽ കുത്തി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. പൂർവവൈരമാണ് ആക്രമണത്തിന് കാരണമെന്ന് വെസ്റ്റ് ഡിസിപി എൻ. യതീഷ് . സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസുകാർ പരിശോധിച്ചു വരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ എല്ലാവരെയും പിടികൂടുമെന്നും വ്യക്തമാക്കി പൊലീസ്.
https://www.facebook.com/Malayalivartha


























