ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി. ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയ ആനയാണിത്.
ഇന്നലെ പകൽ 12 നാണ് ആദ്യമയക്കുവെടിവച്ചത്. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ടുതവണ മയക്കുവെടി നൽകി. എന്നാൽ, പൂർണമായും മയങ്ങാതെനിന്ന മോഴയാനക്ക് അധിക ഡോസ് മരുന്ന് നൽകി ദൗത്യസംഘം നിയന്ത്രണത്തിലാക്കി. ഇൗ ഘട്ടത്തിലും ആനയുടെ ശാരീരിക ക്ഷമതയും കരുത്തും പ്രത്യേകമായി ദൗത്യസംഘം നിരീക്ഷിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കിയാണ് മയക്കുവെടിവെച്ചത്.
നേരത്തെ പത്ത് കിലോമീറ്റർ അകലെ വളയഞ്ചാലിൽ ഒരുക്കി നിർത്തിയ രണ്ട് കുങ്കിയാനകളെ സംഭവസ്ഥലത്ത് എത്തിച്ചു.
മയക്കുവെടിയേറ്റിട്ടും മണിക്കൂറുകളോളം മയങ്ങാതിരുന്ന മോഴയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിക്കൽ ദൗത്യം പിന്നെയും ഏറെ വൈകിപ്പിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായിരുന്നു ഇൗ വൈകിപ്പിക്കൽ. കുങ്കി വിക്രമിനെ ആദ്യം മോഴക്കടുത്ത് എത്തിച്ചു. പിന്നാലെ ഉണ്ണികൃഷ്ണനെയും ഭരതിനെയും കെഎം വൺ മോഴയെ കീഴ്‌പ്പെടുത്താനായി സ്ഥലത്തെത്തിച്ചു.
പകൽ മൂന്നോടെ മൂന്ന് കുങ്കിയാനകൾ മയക്കുവെടിയേറ്റ മോഴക്ക് ചുറ്റും താങ്ങായി നിലയുറപ്പിച്ചു. ഇതിനിടയിൽ ഫാമിലെ കക്കുവ ചെക്‌പോസ്റ്റ് മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പ്തോട് വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ആനയെ തളച്ച ഭാഗത്തേക്കുള്ള വാഹനഗതാഗതവും കാൽനടയാത്രയും അധികൃതരും പൊലീസും തടയുകയായിരുന്നു.
ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ വിജിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സംഘം എത്തിയപ്പോഴും ആദ്യം പൊലീസ് അവരെയും തടഞ്ഞു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ഉറപ്പാക്കിയാണ് അധികൃതരെ സ്ഥലത്തേക്ക് കടത്തിവിട്ടത്.
"
https://www.facebook.com/Malayalivartha

























