ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും

ഗാന്ധിജിയുടെ സ്മരണയിൽ രാജ്യം... 2026 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 157-ാമത് ജന്മവാർഷികമാണ് ആഘോഷിക്കുന്നത്. സത്യവും അഹിംസയും മുഖമുദ്രയാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയിലാണ് രാജ്യമെങ്ങും.
ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കുന്നു. ഈ ദിനം ലോകത്ത് ഐക്യരാഷ്ട്രസഭയുടെ 'അഹിംസാ ദിനമായി' (International Day of Non-Violence) ആചരിക്കുകയും ചെയ്യുന്നു.
ഗാന്ധിജി നിരവധി സത്യാഗ്രഹങ്ങൾ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ചമ്പാരൻ സത്യാഗ്രഹം. ഇന്ത്യയിൽ മഹാത്മാഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സത്യാഗ്രഹസമരമാണ് ചമ്പാരൻ സത്യാഗ്രഹം. 1917 ൽ ബിഹാറിലെ ചമ്പാരൻ പ്രദേശത്താണ് ഈ സമരം നടന്നത്. അവിടത്തെ കർഷകരെ ബ്രിട്ടീഷുകാർ ഭക്ഷ്യവിളകൾ കൃഷിചെയ്യുന്നതിനുപകരം നിർബന്ധിച്ച് നീലംകൃഷി ചെയ്യിക്കുകയും അതുവഴി അവർ കടുത്ത സാമ്പത്തികദുരിതം അനുഭവിക്കേണ്ടിവരികയും ചെയ്തു. കർഷകരുടെ ദുരവസ്ഥ മനസ്സിലാക്കിയ ഗാന്ധിജി ചമ്പാരനിലെത്തി അവരുടെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കുകയും ചെയ്തു.
ബ്രിട്ടീഷ് അധികാരികൾ ഗാന്ധിജിയോട് പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സത്യത്തിലും അഹിംസയിലും ഉറച്ചുനിന്നു. തുടർന്ന് കർഷകരുടെ പരാതികൾ അന്വേഷിക്കാനായി സർക്കാർ തയ്യാറായി. ഗാന്ധിജിയുടെ ഇടപെടലിന്റെ ഫലമായി കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കപ്പെടുകയും ചെയ്തു.
മറ്റൊരു സമരമാണ് ക്വിറ്റ് ഇന്ത്യാ സമരം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ജനകീയപ്രക്ഷോഭമാണ് ക്വിറ്റ് ഇന്ത്യാ സമരം. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് സമരത്തിന് അന്തിമരൂപം നൽകിയത്. ഗാന്ധിജി ജനങ്ങളോട് ''പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'' (Do or Die) എന്ന ആഹ്വാനം നടത്തുകയുണ്ടായി. 1942 ഓഗസ്റ്റ് ഒൻപതിന് ഗാന്ധിജിയെയും മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളെയും ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ സ്വമേധയാ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം ശക്തമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചെങ്കിലും സമരത്തിന്റെ ആവേശം തളർത്താൻ കഴിഞ്ഞില്ല.
അതേസമയം ബ്രിട്ടീഷ് ഭരണത്തിനെതിരേ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രധാനപ്പെട്ട സമരങ്ങളിലൊന്നാണ് ഉപ്പുസത്യാഗ്രഹം. ബ്രിട്ടീഷ് സർക്കാർ ഉപ്പിന് നികുതി ഏർപ്പെടുത്തുകയും ഇന്ത്യക്കാർക്ക് സ്വതന്ത്രമായി ഉപ്പ് നിർമിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിനെതിരേയായിരുന്നു ഈ സമരം. 1930 മാർച്ച് 12-ന് മഹാത്മാഗാന്ധി ഗുജറാത്തിലെ സാബർമതി ആശ്രമത്തിൽനിന്ന് ദണ്ഡിയിലേക്ക് കാൽനടയായി യാത്ര തുടങ്ങി. 78 അനുയായികളോടൊപ്പം ആരംഭിച്ച ഈ യാത്ര ഏകദേശം 390 കിലോമീറ്റർ സഞ്ചരിച്ച് ഏപ്രിൽ ആറിന് ദണ്ഡിയിലെത്തി. അവിടെ കടൽവെള്ളത്തിൽനിന്ന് ഉപ്പ് നിർമിച്ച് ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചു.
അതു മാത്രമല്ല ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരേ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1920-ൽ ആരംഭിച്ച സമരമാണ് നിസ്സഹകരണ സമരം. ബ്രിട്ടീഷുകാരുമായി സഹകരിക്കാതിരിക്കുക എന്നതായിരുന്നു സമരത്തിന്റെ പ്രധാന ലക്ഷ്യം. വിദേശവസ്ത്രങ്ങളും സാധനങ്ങളും ഉപേക്ഷിച്ച് സ്വദേശി സാധനങ്ങൾ ഉപയോഗിക്കാനായി ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. വിദ്യാർഥികൾ, അധ്യാപകർ, അഭിഭാഷകർ, കർഷകർ, തൊഴിലാളികൾ തുടങ്ങി നിരവധി ആളുകൾ സമരത്തിൽ പങ്കെടുത്തു. 1922-ൽ ചൗരി ചൗരയിൽ അക്രമം നടന്നതിനെ തുടർന്ന് ഗാന്ധിജി സമരം നിർത്തിവെച്ചു. 'സ്വച്ഛ് ഭാരത്' ഉൾപ്പെടെയുള്ള ശുചിത്വ ക്യാമ്പയിനുകൾക്കും ബോധവൽക്കരണ പരിപാടികൾക്കും ഈ ദിവസം രാജ്യം വളരെയേറെ പ്രാധാന്യം നൽകുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha
























