അവതാരകനെ ചാനൽ തള്ളി; ദിനപത്രം ജമാ അത്തെ ഇസ്ലാമി വിലയ്ക്ക് വാങ്ങിയെന്ന പ്രചരണത്തിനിടയിൽ ബിജെപി നേതാവിനെ അവതാരകൻ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമായത്; ഭാവിയിൽ ഇത്തരം പരാതികൾക്ക് ഇട നൽകിയാൽ സ്ഥാപനത്തിൽ തുടരുക പ്രയാസം

പ്രമുഖ മലയാളം ചാനലിന്റെ മേധാവികളിൽ ഒരാളായ വേണു ബാലകൃഷ്ണൻ സ്ഥാപനത്തിൽ നിന്ന് പുറത്തേക്കെന്ന് സൂചന.. കമ്പനി പറയുന്നത് അനുസരിച്ച് ജോലി ചെയ്തില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്ന സൂചന മാനേജ്മെന്റ് വേണുവിന് നൽകി കഴിഞ്ഞു.
ദിനപത്രം ജമാ അത്തെ ഇസ്ലാമി വിലയ്ക്ക് വാങ്ങിയെന്ന പ്രചരണത്തിനിടയിൽ ബിജെപി നേതാവിനെ അവതാരകൻ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബി ജെ പി നേതാവ് സന്ദീപ് വാര്യരോടാണ് വേണു അപമര്യാദയായി പെരുമാറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വേണുവിനെ ഒഴിവാക്കാൻ മാനേജ്മെന്റ് രഹസ്യ തീരുമാനം എടുത്തതെന്നറിയുന്നു. ഭാവിയിൽ ഇത്തരം പരാതികൾക്ക് ഇട നൽകിയാൽ സ്ഥാപനത്തിൽ തുടരുക പ്രയാസകരമായിരിക്കും.
വേണുവിന്റെ സഹോദരനാണ് ചാനലിന്റെ ചുമതല.വേണുവിനെ സഹായിക്കാൻ ജ്യേഷ്ഠൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. സന്ദീപ് വാര്യരോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പു ചോദിക്കാൻ വേണുവിന് മാനേജ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം അനുസരിച്ചില്ലായിരുന്നെങ്കിൽ ബുധനാഴ്ച തന്നെ വേണു പുറത്താകുമായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സന്ദീപ് വാര്യർ സംഭവത്തിൽ ദിനപത്രം നിർത്താനും ചാനൽ കാണാതിരിക്കാനും ഹൈന്ദവ സമൂഹത്തിൽ പ്രചരണം വ്യാപകമാകുന്നതിനിടയിലാണ് വേണു മാപ്പു പറഞ്ഞത്. ദിനപത്രത്തിന്റെ എഡിറ്റർ ഉൾപ്പെടെയുള്ളവർ വേണുവിനെ തള്ളിപറഞ്ഞന്നാണ് വിവരം. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടത്തിയ മാധ്യമ ദിനാഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് സ്വന്തം ചാനലിന്റെ മേധാവിയെ പത്രത്തിന്റെ മേധാവി തള്ളി പറഞ്ഞത്. സന്ദീപ് വാര്യരോട് മോശമായി പെരുമാറിയ ലേഖകനെതിരെ പ്രതിഷേധം കനക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഉറക്കമില്ല. തന്റെ ഫോണിലേക്ക് നിരന്തരം ഭീഷണി വരുന്നു. ഞങ്ങളുടെ പത്രം സംസ്കാരമാണ്. അതുകൊണ്ടുതന്നെ ചെറിയ തെറ്റ് പോലും വായനക്കാർ പൊറുക്കില്ല. എന്നാൽ എതിർ പക്ഷത്തുള്ള പത്രത്തിന്റെ അവസ്ഥ അതല്ല.
മുമ്പും അവതാരകനെതിരെ നിരന്തരം പരാതികൾ ഉയർന്നിട്ടുണ്ട്. അദ്ദേഹം റിപ്പോർട്ടർ ചാനലിൽ പ്രവർത്തിക്കുമ്പോൾ മന്ത്രിയായിരുന്ന കെ.എം. മാണി അസഹനീയമായ സംഭാഷണം മടുത്ത് ഇറങ്ങിപോയിട്ടുണ്ട്. പിന്നീട് പലരും ഇത്തരത്തിൽ ഇറങ്ങിപോയി. തന്റെ അറിവുകൾ മാത്രം മഹത്തരമാണെന്ന ഇടതുപക്ഷ വിശ്വാസത്തിന്റെ ബാക്കിപത്രമാണ് ഇത്തരം അവതാരകർ എന്നാണ് ആക്ഷേപം. തങ്ങൾക്ക് മുന്നിൽ ചർച്ചക്ക് എത്തുന്നവരെല്ലാം മോശക്കാരാണെന്ന ധാരണയും ഇവർക്കുണ്ട്. കൈയും കാലും പിടിച്ച് സ്റ്റുഡിയോയിൽ എത്തിച്ച ശേഷം അപമാനിക്കുകയാണ് ഇത്തരക്കാരുടെ സ്ഥിരം രീതി എന്ന ആക്ഷേപവും ഉയരുന്നു. ഒരു ചാനലിന്റെ മാത്രം പ്രത്യേകതയല്ല ഇത്തരം അവതാരകർ.
മാപ്പുപറച്ചിൽ പത്ര സ്ഥാപനത്തിന്റെ സത്പേര് ഉയർത്തിയെങ്കിലും സാമൂഹികമാധ്യമങ്ങളിൽ അത് കൂടുതൽ വിമർശനങ്ങൾക്ക് വഴി വച്ചു. മുമ്പും ദിനപത്രം ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. വാരികയിൽ വന്ന മീശ എന്ന നോവൽ ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തി. അതിന് മുമ്പ് സപ്ലിമെന്റിൽ വന്ന പരാമർശം ഇസ്ലാംമത വിശ്വാസികളെ എതിർചേരിയിലാക്കി. മീശ നോവലിന്റെ പേരിൽ പത്രാധിപരെ പിരിച്ചുവിടാൻ വരെ സ്ഥാപനം തയ്യാറായി. പത്രം പുതിയ ഉന്നതനെ കണ്ടെത്തിയതും ഹൈന്ദവരെ കൈയിലെടുക്കാൻ വേണ്ടിയാണ്.
എം.വി. ശ്രേയാംസ് കുമാറാണ് ചാനലിന്റെ മേധാവി.നഷ്ടത്തിലാണ് ചാനൽ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടയിലാണ് ഇത്തരം വിവാദങ്ങൾ പൊട്ടിപുറപ്പെടുന്നത്.
https://www.facebook.com/Malayalivartha


























