ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ യാത്ര, കൂടാതെ ഫോണ്‍ വിളിയും; വിദ്യാര്‍ഥിനിയുടെ ലൈസന്‍സ് പോയി!

പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനി രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകും വഴി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്‍പില്‍ അകപ്പെട്ടു. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായി പടമുകള്‍-പാലച്ചുവട് റോഡിലൂടെ സഞ്ചരിച്ച പെണ്‍കുട്ടിയെ എംവിഐ കെ.ആര്‍.തമ്പി തടഞ്ഞു.
ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടറില്‍ എത്തിയ വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ട് സ്‌കൂട്ടര്‍ യാത്ര തുടരവേയാണ് എംവിഐ കെ.ആര്‍.തമ്പിയുടെ മുമ്പില്‍പെട്ടത്. സ്‌കൂട്ടര്‍ ജംക്ഷനില്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്ന് വിദ്യാര്‍ഥിനി പറഞ്ഞതിനാല്‍ അധ്യയനം നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആര്‍ടി ഓഫിസില്‍ ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയുടെ വീട്ടിലെ വിലാസത്തില്‍ ഷോക്കോസ് നോട്ടിസും അയച്ചു.
ആര്‍ടിഒ കെ.മനോജ്കുമാര്‍ മുമ്പാകെ ഹാജരായ വിദ്യാര്‍ഥിനി, ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തതെന്നാണ് ആദ്യം ബോധിപ്പിച്ചത്. അന്വേഷണത്തില്‍ കൂട്ടുകാരിയെയാണ് വിളിച്ചതെന്നു വ്യക്തമായി.
സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 3 മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഷനും 2,000 രൂപ പിഴയും വിധിച്ചു. ഹെല്‍മറ്റ് ധരിക്കാത്തതിന് വേറെ 500 രൂപയുമുണ്ട് പിഴ. 3 മാസത്തിനുള്ളില്‍ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























