ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചത് തടഞ്ഞ പൊലീസിനെ ആക്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
മട്ടാഞ്ചേരിയ്ക്കടുത്ത് ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് കുടുംബമായി പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്ത പൊലീസുകാരെ ദമ്പതികള്‍ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് കപ്പലണ്ടിമുക്ക് ഡിഎസ് റോഡ് 7-717ല്‍ ഷെബിന്‍ ഇബ്രാഹിം (27), ഭാര്യ ഫര്‍സാന (24) എന്നിവരെ അറസ്റ്റു ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ കപ്പലണ്ടിമുക്കിലായിരുന്നു സംഭവം.
കുട്ടിയുമായി ബൈക്കില്‍ വരവേ സത്യവാങ്മൂലം കൈവശമില്ലാത്തതിനെ ചോദ്യം ചെയ്ത പൊലീസുകാരോടും എസ്ഐ ഇ.കെ.സുരയോടും ദമ്പതികള്‍ കയര്ക്കുന്നതുകണ്ട് പട്രോളിങ് ഡ്യൂട്ടിക്കെത്തിയ എസ്ഐമാരായ പി. രാമചന്ദ്രനും ജി. അജയകുമാറും കാര്യം തിരക്കി. പച്ചക്കറി വാങ്ങാന്‍ എത്തിയതാണെന്നായിരുന്നു മറുപടി. പച്ചക്കറി വാങ്ങാനാണെങ്കില്‍ കുടുംബസമേതം വരേണ്ട കാര്യമില്ലല്ലോ എന്ന് പൊലീസുകാര്‍ ചോദിച്ചു.
അത്യാവശ്യമൊന്നുമില്ലാതെ റോഡിലിറങ്ങിയതാണെന്നു മനസ്സിലായതിനെത്തുടര്‍ന്ന് ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് അതിനു തയാറായില്ല. ബൈക്കിന്റെ താക്കോല്‍ യുവാവ് ഊരിയെടുത്തതോടെ പെട്ടി ഓട്ടോയില്‍ വാഹനം കയറ്റാന്‍ പൊലീസ് ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച യുവാവ് എസ്ഐ അജയകുമാറിനെ ചവിട്ടി താഴെയിടുകയും ഫര്‍സാന, എസ്ഐ രാമചന്ദ്രനെ തള്ളി താഴെയിടുകയും ചെയ്തു.
ഇവര്‍ പൊലീസ് സ്റ്റേഷനിലേക്കു വാഹനവുമായി ചെല്ലാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് സിഐ പി.കെ.സാബു എത്തി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികള്‍ മാസ്ക് ധരിച്ചിരുന്നില്ല. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
https://www.facebook.com/Malayalivartha